ഗാസ: പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന ആംബുലൻസിന് നേരെ ഇസ്രയേൽ ബോംബാക്രമണം. സംഭവത്തിൽ 15 പേർ കൊല്ലപ്പെടുകയും 60ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുട്ടികളടക്കമാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗാസയിൽ നിന്ന് പരിക്കേറ്റവരെ ഒഴിപ്പിക്കാൻ ഉപയോഗിക്കുന്ന ആംബുലൻസിന് നേരെ വെള്ളിയാഴ്ചയാണ് വ്യോമാക്രമണമുണ്ടായതെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ ചികിത്സിക്കാമെന്ന് ഈജിപ്ത് അറിയിച്ചിരുന്നു. തുടർന്ന് റഫാ അതിർത്തി വഴി ആശുപത്രിയിലേക്ക് ആംബുലൻസ് പോകും വഴിയാണ് ആക്രമണമുണ്ടായതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ടുപോകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള തന്റെ മൂന്നാമത്തെ സന്ദർശനത്തിൽ നെതന്യാഹുവിനെ കണ്ട യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ഗാസയ്ക്ക് സഹായം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്തതായി പറഞ്ഞു. എന്നാൽ, ഇക്കാര്യം ഇസ്രയേൽ നിരസിച്ചു. കഴിഞ്ഞ ദിവസവും ഇസ്രയേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ഗാസയിൽ സൈനിക നടപടി തുടർന്നു.
ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. ഒക്‌ടോബർ 7 മുതൽ ഇസ്രയേൽ ആക്രമണത്തിൽ 3,826 കുട്ടികൾ ഉൾപ്പെടെ 9,227 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെത്തുടർന്ന് 1,400 പേർ കൊല്ലപ്പെട്ടു.