ഊട്ടിയിലേക്ക് ടൂർ പോകാനായി കുട്ടികൾ സ്കൂളിലെത്തി; ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ്

news image
Nov 9, 2023, 5:31 am GMT+0000 payyolionline.in

കൊച്ചി: വിനോദയാത്രയ്ക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ കൊച്ചിയിൽ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവണ്മെൻറ് ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികൾ ടൂർ പോകുന്നതിനു മുൻപാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. ഊട്ടിയിലേക്ക് വിനോദയാത്രക്ക് പുറപ്പെടുന്നതിനു മുൻപ് ബസുകൾ മോട്ടോർവാഹനവകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കാത്തതിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പരിശോധന നടക്കുമ്പോള്‍ നാലു ബസുകളിലുമായി ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ബസിന്‍റെ ഫിറ്റ്നസ് രേഖകൾ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനൽകുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റൊരു വാഹനം സംഘടിപ്പിച്ച് ടൂര്‍ നടത്താനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.

അവസാന നിമിഷത്തിലെ മോട്ടോര്‍ വാഹന വകുപ്പിന്‍റ നടപടി ടൂര്‍ പ്രതിസന്ധിയിലാക്കിയെങ്കിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിശോധനയെന്നാണ് അധികൃതര്‍ പറയുന്നത്. ടൂര്‍ പോകുന്നതിനായി പുലര്‍ച്ചെ തന്നെ 200ഓളം വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തിയിരുന്നു. ബസുകള്‍ പിടിച്ചെടുത്തതോടെ വിദ്യാര്‍ത്ഥികളും നിരാശരായി. എന്നാല്‍, ടൂര്‍ ഓപ്പറേറ്ററുടെ ഇടപെടലിലൂടെ മറ്റു ബസുകളിലായി ടൂര്‍ പോകുമെന്ന് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അറിയിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe