മാർട്ടിന്റെ വാഹനത്തിൽ വെള്ളക്കവറിൽ പൊതിഞ്ഞ് 4 റിമോട്ടുകൾ; കളമശേരി സ്ഫോടനത്തിൽ നിർണായക തെളിവ്

news image
Nov 11, 2023, 3:05 pm GMT+0000 payyolionline.in

കൊച്ചി: നാലു പേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ കണ്ടെടുത്ത് പൊലീസ്. പ്രതിയായ ഡൊമിനിക് മാർട്ടിൻ സ്ഫോടനം നടത്താൻ ഉപയോഗിച്ച നാല് റിമോട്ടുകളാണ് പൊലീസ് ഇന്ന് കണ്ടെടുത്തത്. ഡൊമിനിക് മാർട്ടിന്റെ സ്കൂട്ടറിൽനിന്നാണ് ഇവ ലഭിച്ചത്. മാർട്ടിനെ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണു റിമോട്ടുകൾ കണ്ടെത്തിയത്. ഇവ വെള്ളക്കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. സ്ഫോടനത്തിനുശേഷം കീഴടങ്ങാൻ മാർട്ടിൻ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയത് ഈ സ്കൂട്ടറിലാണ്.

ഒക്ടോബർ 29നു രാവിലെ ഒൻപതരയോടെ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലെ ഹാളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണ് സ്ഫോടനം നടന്നത്. പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടക്കുകയായിരുന്നു. നാലു പേരാണു സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe