ഉത്തരകാശി ടണൽ അപകടം: രക്ഷാദൗത്യം വിജയത്തിലേക്കെന്ന് അധികൃതർ

news image
Nov 22, 2023, 1:53 pm GMT+0000 payyolionline.in

ഡെറാഡൂൺ : ഉത്തരകാശിയിൽ തുരങ്കം തകർന്ന് കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം വിജയത്തിലേക്കെന്ന് അധികൃതർ. തൊഴിലാളികളുടെ അടുത്തേക്ക് എത്താൻ ഇനി ഏകദേശം 12 കിലോമീറ്റർ ദൂരം കൂടി മാത്രമാണുള്ളതെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളിൽ തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് കരുതുന്നതായും അധികൃതർ പറഞ്ഞു.

അവശിഷ്ടങ്ങൾക്കിടയിലൂടെ ഡ്രിൽ ചെയ്ത് പൈപ്പ് കയറ്റി തൊഴിലാളികളെ രക്ഷിക്കാനാണ് ശ്രമം. ആ​ഗർ മെഷീൻ ഉപയോ​ഗിച്ച് പുലർച്ചെ 12.45നാണ് ഡ്രില്ലിങ് ആരംഭിച്ചത്. 57 മീറ്റർ താഴ്ചയിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. ഡ്രില്ലിങ് 45 മീറ്ററോളം പൂർത്തിയായതായി റോഡ് ആൻഡ് ട്രാൻസ്പോർട്ട് ഡിപാർട്മെന്റ് അഡീഷണൽ സെക്രട്ടറി മഹമൂദ് അഹ്മദ് പറഞ്ഞു. 800 എംഎം പൈപ്പ് തുരങ്കത്തിലേക്ക് കടത്തിവിട്ടതായും അറിയിച്ചു. തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന്റെ കൃത്യമായ സമയം പറയാനാകില്ലെന്നും ഇന്ന് രാത്രിയോ നാളെ രാവിലെയോ തന്നെ സന്തോഷ വാർത്ത കേൾക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം എൻഡോസ്കോപി കാമറ കടത്തി വിട്ട് തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. അപകടമുണ്ടായി 11ാം ദിവസമാണ് തൊഴിലാളികളെ രക്ഷപെടുത്താനുള്ള സാധ്യതകൾ തെളിയുന്നത്. 12നാണ്‌ ബ്രഹ്മഖൽ-യമുനോത്രി ദേശീയ പാതയിലെ സിൽക്യാര തുരങ്കത്തിൽ അപകടമുണ്ടായത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe