തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയെന്ന് മന്ത്രി വീണാ ജോര്‍ജ്. അതിനാല്‍ ജാഗ്രത പാലിക്കണം. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍മാരെ സ്ഥിതി അറിയിക്കുകയും ഹോട്ട് സ്പോട്ടുകള്‍ കൈമാറുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും വേണം. ജില്ലകളിലെ ഹോട്ട് സ്പോട്ട് മാപ്പുകള്‍ പ്രസിദ്ധീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ ജില്ലകളുടേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. ഫീല്‍ഡ്തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. ‘കൊതുകുകളുടെ ഉറവിട നശീകരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം. ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും വെക്ടര്‍ കണ്ട്രോള് യൂണിറ്റും ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തണം. എല്ലാ വീടുകളും ആശുപത്രികളും സ്ഥാപനങ്ങളും കൊതുക് വളരാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടിന്റെ അകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണം. എലിപ്പനിയ്ക്കെതിരേയും അതീവ ജാഗ്രത വേണം.’ എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്ന് മന്ത്രി നിര്‍ദേശിച്ചു. സ്വയം ചികിത്സ പാടില്ല. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനികള്‍ക്ക് സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സര്‍വെലന്‍സ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.