കുസാറ്റ് ക്യാംപസിലെ പൊതുദർശനം അവസാനിച്ചു; കൂട്ടുകാർക്ക് യാത്രമൊഴിയേകി സഹപാഠികൾ, മൃതദേഹം നാട്ടിലേക്ക്

news image
Nov 26, 2023, 6:23 am GMT+0000 payyolionline.in

കൊച്ചി∙ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്‌ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു മരിച്ച മൂന്നു വിദ്യാർഥികളുടെ ക്യാംപസിലെ പൊതുദർശനം അവസാനിച്ചു. സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ.എം.തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ കെ.ജി.റോയിയുടെ മകൾ ആൻ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസിക്കുന്ന വയലപ്പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (20) എന്നിവരുടെ മൃതദേഹമാണ് ക്യാംപസിൽ പൊതുദർശനത്തിനു വച്ചത്.

പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷമാണ് മൃതദേഹം ക്യാംപസിലേക്ക് കൊണ്ടുവന്നത്.  ഇന്നലെവരെ ഒപ്പം നടന്നവരുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ ദുഃഖം താങ്ങാനാകാതെ അധ്യാപകരും സഹപാഠികളും പൊട്ടിക്കരഞ്ഞു. ദുരന്തത്തിൽ മരിച്ച ഇലക്ട്രിഷ്യനായ പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ ജോസഫിന്റെ മകൻ ആൽബിൻ ജോസഫിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോയിരുന്നു. ഇന്നു സംസ്കാരം നടത്തും.

സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ വൈസ് ചാൻസലറോടും (വിസി) ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോടും റിപ്പോർട്ട് തേടി. സർവകലാശാലയുടെ സിൻഡിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റ് ചികിത്സയിലുള്ള വിദ്യാർഥികളുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കും. അസ്വഭാവിക മരണത്തിനു പൊലീസും കേസെടുത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe