തൃശൂർ: ആരോഗ്യവകുപ്പിന്റെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ വ്യാജ ചികിത്സ നടത്തിയതിന് കുന്നംകുളം, തൃശൂർ, കിഴക്കേക്കോട്ട എന്നിവിടങ്ങളിൽ നിന്നായി രണ്ടുപേർ പിടിയിൽ. പിടിയിലായ രണ്ടു പേരും ഗുഹ്യരോഗങ്ങൾക്ക് ചികിത്സ നടത്തിയിരുന്നവരാണ്. കുന്നംകുളം യൂണിറ്റി ആശുപത്രിക്കുസമീപം പൈൽസ്, ഫിസ്റ്റുല ക്ലിനിക് എന്നപേരിൽ ക്ലിനിക്ക് നടത്തിയിരുന്ന പശ്ചിമ ബംഗാൾ സ്വദേശി ത്രിദീപ് കുമാർ റോയ് (55), കിഴക്കുംപാട്ടുകര താഹോർ അവന്യൂവിൽ ചാന്ദ്രീസ് ക്ലിനിക് എന്നപേരിൽ പൈൽസ്, ഹിസ്റ്റുല രോഗങ്ങൾക്ക് ഹോമിയോ ക്ലീനിക് നടത്തിവന്നിരുന്ന ദിലീപ് കുമാർ സിക്തർ (67) എന്നിവരാണ് പിടിയിലായത്.
വ്യാജ ചികിത്സനടത്തിയിരുന്ന ഇരുവരും പാരമ്പര്യ ചികിത്സകരാണെന്നും, വർഷങ്ങളായി ചികിത്സ നടത്തുന്നവരാണെന്നുമാണ് പരിശോധന സംഘത്തോട് പറഞ്ഞത്. മെഡിക്കൽ ഓഫീസർമാരായ ഡോ. ടി പി ശ്രീദേവി, ഡോ. കാവ്യ കരുണാകരൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഡോക്ടർ എന്ന ബോർഡ് വെച്ച് വ്യാജ ചികിത്സ നടത്തിയതിന് ഇരുവർക്കുമെതിരെ തൃശൂർ ടൗൺ ഈസ്റ്റ്, കുന്നംകുളം പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്യും.