ഓട്ടോ അതു തന്നെ;’പേടിച്ചാണ് പറയാതിരുന്നതെന്ന് ഡ്രൈവർ’, പ്രതികൾ കയറിയെന്ന് സ്ഥിരീകരണം

news image
Dec 1, 2023, 6:48 am GMT+0000 payyolionline.in

കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിക്കാൻ ഉപയോ​ഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത ഓട്ടോ തന്നെയാണെന്ന് സ്ഥിരീകരണം. കേസിലെ പ്രതികൾ സഞ്ചരിച്ച ഓട്ടോയാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. കല്ലുവാതുക്കലിൽ നിന്നും പ്രതികൾ ഓട്ടോയിൽ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങിയെന്ന് ഡ്രൈവർ മൊഴി നൽകി. എന്നാൽ പേടിച്ചാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും ഡ്രൈവർ പറയുന്നു. ഇയാളെ ചോദ്യം ചെയ്യൽ തുടരുകയാണ്.

നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.  കുളമടയിലെ പെട്രോള്‍ പമ്പില്‍നിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. ചിറക്കര ഭാഗത്ത് വച്ച് പിന്തുർന്നാണ് ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്.ഈ ഭാഗത്താണ് കുട്ടിയെ തട്ടികൊണ്ടു പോയ ശേഷം സ്വിഫ്റ്റ് കാറും എത്തിയത്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും.

ഇതിനിടെ, അന്വേഷണത്തിന്‍റെ ഭാഗമായി ഡിഐജി നിശാന്തിനി കൊല്ലം റൂറൽ എസ്പി ഓഫീസിലെത്തി. കൊല്ലം ജില്ലയിലെ ഡിവൈഎസ്പിമാരും ഓഫീസിലെത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് കൂടുതല്‍ സൂചന ലഭിച്ചതിന്‍റെ ഭാഗമായി തുടരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായാണ് ഉന്നത പൊലീസ് സംഘം യോഗം ചേരുന്നതെന്നാണ് വിവരം.

അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായതായാണ് വിവരം. സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയർ ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് പൊലീസിന് സൂചന കിട്ടി. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്സിങ് കെയർ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തി നിൽക്കുന്നത്. കേസിൽ നിലവിൽ ഒരാൾ കസ്റ്റഡിയിലുണ്ട്. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. നിലവിൽ ഇയാളിപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe