പ്രതിഷേധം ശക്തമായി; 364 ഹെക്ടര്‍ ഭൂമി ‘ചിന്നക്കനാല്‍ റിസര്‍വ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു

news image
Dec 4, 2023, 2:16 pm GMT+0000 payyolionline.in

ഇടുക്കി: പ്രതിഷേധം ശക്തമായതോടെ ചിന്നക്കനാല്‍ വില്ലേജിലെ 364.39ഹെക്ടര്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനം സര്‍ക്കാര്‍ മരവിപ്പിച്ചു. ചിന്നക്കനാല്‍ റിസര്‍വുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ മരവിപ്പിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനാണ് അറിയിച്ചത്. ഇടുക്കി ജില്ലയില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് പാട്ടത്തിന് കൊടുത്തിരുന്നതും പാട്ടക്കാലാവധി അവസാനിച്ചതുമായ പ്രദേശം ‘ചിന്നക്കനാല്‍ റിസര്‍വ്’ ആയി പ്രഖ്യാപിക്കാനുള്ള പ്രാഥമിക വിജ്ഞാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നതായും കാര്യങ്ങള്‍ വിശദമായി വിലയിരുത്തിയതായും മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

2023 ആഗസ്തില്‍ പാസാക്കിയ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമം പ്രകാരം 1996 ഡിസംബര്‍ 12-ന് മുന്‍പ് വനേതര ആവശ്യങ്ങള്‍ക്കായി മാറ്റിയിട്ടുള്ള വനഭൂമി വന സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല. ഇത് സംബന്ധിച്ച വിശദമായ മാര്‍ഗരേഖ തയ്യാറാക്കാന്‍ ഇക്കഴിഞ്ഞ നവംബര്‍ 30-ന്  സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ ചിന്നക്കനാല്‍ പ്രദേശത്തെ ഏതെങ്കിലും വനഭൂമി പ്രസ്തുത തീയതിയ്ക്ക് മുന്‍പ് വനേതര ആവശ്യങ്ങള്‍ക്കായി മാറ്റിയതാണെങ്കില്‍ അതിന് നിയമപ്രകാരം സംരക്ഷണം നല്‍കുന്നതാണ്. കേന്ദ്ര മാര്‍ഗരേഖ വന്നാലും സെറ്റില്‍മെന്റ് ഓഫീസറെ നിയമിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കും. കളക്ടര്‍ക്ക് അയച്ചു എന്ന് പറയുന്ന കത്തില്‍ അതിനാല്‍ തന്നെ തുടര്‍നടപടികള്‍ ആവശ്യമില്ല എന്നും വിജ്ഞാപനം സംബന്ധിച്ച തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായും മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe