തിരുവല്ല: വാടകവീട്ടിലെ ശൗചാലയത്തിൽ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മാതാവ് പത്തനംതിട്ട മേലെവെട്ടിപ്രത്ത് നിരവിൽ വീട്ടിൽ നീതു മോനച്ചനെ (20) തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
2.8 കിലോ ഗ്രാം തൂക്കമുളള പെൺകുട്ടിയെയാണ് കൊലപ്പെടുത്തിയതെന്നും മാനഹാനി ഭയന്നാണ് കൃത്യം നടത്തിയതെന്നുമാണ് പൊലീസ് കണ്ടെത്തൽ. ജനിച്ചയുടൻ കുട്ടിയെ മടിയിലിരുത്തി മഗ്ഗിൽ വെളളം കോരി മുഖത്തേക്ക് ഒഴിച്ചതായി നീതു പൊലീസിനോട് വെളിപ്പെടുത്തി. വെളളം ഉളളിൽചെന്ന് ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അവിവാഹിതയായ നീതു ഡിസംബർ ഒന്നിന് പുലർച്ചെയാണ് തിരുവല്ലയിലെ താമസസ്ഥലത്തെ ശൗചാലയത്തിൽ പ്രസവിക്കുന്നത്. തുടർന്ന് മരിച്ച നിലയിൽ കുഞ്ഞിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമിത രക്തസ്രാവത്തോടെ നീതുവിനേയും പ്രവേശിപ്പിച്ചു.
ആറ് വനിത സഹപ്രവർത്തകർക്കൊപ്പം തിരുവല്ലയിൽ വീടെടുത്ത് താമസിച്ചാണ് ജോലിക്കു പോകുന്നത്. പുലർച്ചെ 3.45ന് ശൗചാലയത്തിൽ പ്രസവിച്ചതായാണ് നീതുവിന്റെ മൊഴി. അഞ്ചു മണിവരെ ഇതിനുളളിൽ ഇരുന്നു. തുടർന്നാണ് സഹപ്രവർത്തകർ പ്രസവവിവരം അറിയുന്നത്. ചില അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നതിനാൽ വയർ തടിച്ചിരിക്കുകയാണെന്നാണ് നീതു വിശ്വസിപ്പിച്ചിരുന്നതെന്ന് സഹപ്രവർത്തകർ പൊലീസിനോട് പറഞ്ഞു.
സ്വകാര്യ ആശുപത്രിയിൽ നഴ്സുമാരെ സഹായിക്കുന്ന ജോലിയാണ് നീതുവിന്. തൃശ്ശൂർ പീച്ചി സ്വദേശി ഗിൽക്രിസ്റ്റുമായി അടുപ്പത്തിലാണ് നീതു. ഈ ബന്ധത്തിലുളളതാണ് കുട്ടി. ഗർഭഛിദ്രം നടത്താൻ നീതു ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കുട്ടിയെ കൊലപ്പെടുത്താൻ ഗിൽക്രിസ്റ്റ് പ്രേരിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്ന് ഡിവൈ.എസ്.പി. എസ്. അഷാദ് പറഞ്ഞു. ഇരുവരുടെയും ഫോൺ ചാറ്റുകളും പരിശോധിച്ചു വരികയാണ്.