ന്യൂഡൽഹി> ജമ്മു കശ്മീരിന് പരമാധികാരമില്ലെന്നും ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമാണെന്നും സുപ്രീംകോടതി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് സുപ്രീംകോടതി ശരിവെച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370–-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ ചോദ്യംചെയ്തുള്ള ഹർജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.ആർട്ടിക്കിൾ 370(3) പ്രകാരം പ്രത്യേക പദവി റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ജമ്മു കശ്മീരിന് സംസ്ഥാന പദവി എത്രയും വേഗം തിരികെ നൽകണമെന്നും 2024 സെപ്തംബറിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആർട്ടിക്കിൾ 370 താൽക്കാലികം മാത്രമാണെന്നും വിധിയിൽ പറയുന്നു. ജമ്മു കശ്മീർ ഇന്ത്യയുടെ പരമാധികാരം പൂർണമായി അംഗീകരിച്ചതാണ്.രാജ്യത്തെ എല്ലാ നിയമവും കശ്മീരിനും ബാധകമാണ്. നിയമസഭയെ പിരിച്ചുവിട്ടതിൽ ഇടപെടനാവില്ലെന്നും കോടതി വ്യക്തമാക്കി.ആർട്ടിക്കിൾ 370 മാറ്റങ്ങൾക്ക് വിധേയമാണ്. അതിനാൽ സർക്കാർ ഉത്തരവിന്റെ സാധുത തള്ളികളയാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗൾ, സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരുൾപ്പെട്ട ബെഞ്ച് വിധിയിൽ പറഞ്ഞു.
ജമ്മു കശ്മീർ ഇന്ത്യൻ യൂണിയനിൽ ചേർന്നതോടെ പ്രത്യേക അധികാരങ്ങൾ ഇല്ലാതായി. പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് 370ാം അനുഛേദം റദ്ദാക്കിയത്. രാഷ്ട്രപതി പുറപ്പെടുവിച്ച ഉത്തരവിൽ ഭരണഘടനാപരമായി തെറ്റില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
2019-ലാണ് കേന്ദ്ര സർക്കാർ കശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളയുന്നത്. അനുച്ഛേദത്തിൽ മാറ്റംവരുത്താൻ പാർലമെന്റിന് അധികാരമുണ്ടോയെന്ന മുഖ്യചോദ്യമാണ് കോടതി പരിശോധിച്ചത്. സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന്റെ ഭരണഘടനാ സാധുതയും പരിഗണിച്ചൂ. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെ 14 പേരാണ് കേന്ദ്രനടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.