കോവിഡ്: ദക്ഷിണ കന്നടയിലും കുടകിലും കേരള അതിർത്തികളിൽ പനി പരിശോധന, യാത്ര വിലക്കില്ല

news image
Dec 19, 2023, 2:30 pm GMT+0000 payyolionline.in

മംഗളൂരു: കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ദക്ഷിണ കന്നട, കുടക് ജില്ലകളിലെ കേരള അതിർത്തികളിൽ പനി പരിശോധന നിർബന്ധമാക്കി. അതേസമയം കോവിഡി​െൻറ പേരിൽ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാര വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. കോഴിക്കോട് ജില്ലയിൽ വയോധികൻ കോവിഡ് ബാധയെത്തുടർന്ന് മെഡിക്കൽ കോളജിൽ മരിച്ചിരുന്നു.

കുടകിൽ കണ്ണൂർ, വയനാട് ജില്ല അതിരുകളിലും ദക്ഷിണ കന്നട ജില്ലയിൽ തലപ്പാടി ഉൾപ്പെടെ കാസർകോട് ജില്ല അതിരുകളിലുമാണ് പരിശോധനകൾ നടക്കുന്നത്. അതിനിടെ കർണാടക രാമനഗരം ജില്ലയിൽ ചൊവ്വാഴ്ച വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചു.ബൈരമംഗള ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചതെന്ന് രാമനഗരം ജില്ല ആരോഗ്യ ഓഫീസർ നിരഞ്ജൻ അറിയിച്ചു.

കേരളത്തിൽ കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും നിയന്ത്രണവിധേയമെന്ന്​ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നിർവഹിക്കാനും തീരുമാനിച്ചു. ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്ന്​ യോഗം നിർദേശിച്ചു. രോഗം ഗുരുതരമല്ലാത്ത രോഗികളെ മെഡിക്കല്‍ കോളജില്‍ റഫര്‍ ചെയ്യാതെ ജില്ലകളില്‍ തന്നെ ചികിത്സിക്കണം. നിശ്ചിത കിടക്കകള്‍ കോവിഡിനായി ജില്ലകള്‍ മാറ്റിവെക്കണം.

നിലവിലെ ആക്ടിവ് കേസുകളില്‍ ഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണങ്ങളുള്ളതിനാല്‍ വീടുകളിലാണുള്ളത്. മരിച്ചവരില്‍ ഒരാളൊഴികെ 65 വയസ്സിന് മുകളിലുള്ളവരാണ്. ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, അർബുദം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരുമായിരുന്നു. ഫലം ലഭിച്ചതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെ.എന്‍-1 വകഭേദം സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമായി.

ആശുപത്രികളിൽ ഐസൊലേഷന്‍ വാര്‍ഡുകള്‍, മുറികള്‍, ഓക്‌സിജന്‍ കിടക്ക, ഐ.സി.യു കിടക്ക, വെന്റിലേറ്റർ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 13 മുതല്‍ 16 വരെ ഇക്കാര്യം ഉറപ്പുവരുത്താൻ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മോക് ഡ്രില്‍ നടത്തിയിരുന്നു. ഓക്‌സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കയും 2454 ഐ.സി.യു കിടക്കയും വെന്റിലേറ്റര്‍ സൗകര്യമുള്ള 937 ഐ.സി.യു കിടക്കയുമുണ്ട്. കോവിഡ് കേസിലെ വര്‍ധന നവംബര്‍ മാസത്തില്‍തന്നെ കണ്ടിരുന്നു. അതനുസരിച്ച് മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാനും യോഗം നിർദേശം നൽകി​.

ലക്ഷണമുള്ളവക്ക്​ മാ​ത്രം പരിശോധന

കോവിഡ് ലക്ഷണമുള്ളവര്‍ക്ക് മാത്രം കോവിഡ് പരിശോധന നടത്താൻ യോഗത്തിൽ നിർദേശം. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. പോസിറ്റിവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരും മാസ്‌ക് ധരിക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe