മധ്യപ്രദേശില്‍ നിന്ന് തപാല്‍ മാര്‍ഗം എംഡിഎംഎ കടത്ത്; യുവാവ് പിടിയില്‍, സുഹൃത്തിനായി അന്വേഷണം

news image
Dec 20, 2023, 10:29 am GMT+0000 payyolionline.in

തൃശൂര്‍: തൃശൂരില്‍ തപാല്‍ മാര്‍ഗം കൊണ്ടുവന്ന മയക്കുമരുന്ന് പിടിച്ചെടുത്ത് എക്‌സൈസ്. വാടാനപ്പിള്ളി എക്‌സൈസ് കഴിമ്പ്രം സ്വദേശി അഖില്‍ രാജിനെയാണ് എംഡിഎംഎ സഹിതം അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തും മയക്കുമരുന്നു കച്ചവടത്തിലെ പങ്കാളിയുമായ ബാലുവെന്ന യുവാവിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് എക്‌സൈസ് അറിയിച്ചു. 

കഴിഞ്ഞദിവസം അഖില്‍ രാജിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 3.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. അന്വേഷണത്തില്‍ അഖില്‍ രാജ് സുഹൃത്തായ ബാലുവുമായി ചേര്‍ന്നാണ് എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നതെന്ന് മനസിലായി. മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ നിന്നും തപാല്‍ മാര്‍ഗമാണ് ഇയാള്‍ എംഡിഎംഎ കൊണ്ടു വന്നിരുന്നത്. ഇത്തരത്തില്‍ അഖില്‍ രാജിന് പാഴ്സലില്‍ വന്ന 10.44 ഗ്രാം എംഡിഎംഎ കൂടി പിന്നീടെ കണ്ടെടുത്തുവെന്ന് എക്‌സൈസ് അറിയിച്ചു. ബാലുവിനെ രണ്ടാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എക്‌സൈസ് അറിയിച്ചു. പരിശോധനയില്‍ വാടാനപ്പിള്ളി റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്എസ് സച്ചിന്‍, പ്രിവന്റീവ് ഓഫീസര്‍ കെആര്‍ ഹരിദാസ്, സുധീരന്‍, വിജയന്‍, അനീഷ്, അബ്ദുള്‍ നിയാസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രിയ രാജേഷ് എന്നിവരും പങ്കെടുത്തു.

ഇതിനിടെ തിരുവനന്തപുരത്തും നിന്നും എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് അറിയിച്ചു. സ്പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിഎല്‍ ഷിബുവും സംഘവും വിഴിഞ്ഞം ഭാഗത്തെ വീട്ടില്‍ നിന്നാണ് 29 വയസുകാരന്‍ ബെന്‍സണ്‍ ബെന്നിയെ പിടികൂടിയത്. ഇയാളില്‍ നിന്ന് 4.133 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്കുമരുന്ന് വില്‍പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഢംബര ജീവിതമാണ് പ്രതി നയിച്ചു വന്നിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. രാജേഷ് കുമാര്‍, നന്ദകുമാര്‍, കൃഷ്ണപ്രസാദ്, സുരേഷ് ബാബു, പ്രബോധ്, അക്ഷയ് സുരേഷ്, ഷാനിത എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe