കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ

news image
Dec 20, 2023, 2:32 pm GMT+0000 payyolionline.in

ന്യൂഡൽഹി: കോവിഡ് കേസുകൾ വർധിക്കുന്നതിലും പുതിയ വകഭേദമായ ജെ.എൻ.1 കണ്ടെത്തിയതിലും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും എന്നാൽ, മുൻകരുതൽ നടപടികളിൽ ഒരു വീഴ്ചയും പാടില്ലെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്. ആരോ​ഗ്യ മേഖല രാഷ്ട്രീയം കളിക്കാനുള്ളതല്ലെന്നും സംസ്ഥാനങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ കേന്ദ്രം തയാറാണെന്നും മൻസൂഖ് മാണ്ഡവ്യ യോഗത്തിൽ വ്യക്തമാക്കി.

മുഴുവൻ സർക്കാർ സംവിധാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മാണ്ഡവ്യ പറഞ്ഞു. എല്ലാ ആശുപത്രികളോടും മൂന്ന് മാസത്തിലൊരിക്കൽ മോക്ക് ഡ്രില്ല് നടത്തണം. ശൈത്യകാലവും വരാനിരിക്കുന്ന ഉത്സവകാലവും കണക്കിലെടുത്ത് സംസ്ഥാനങ്ങൾ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രി അഭ്യർഥിച്ചു.

പുതിയ സാഹചര്യത്തിൽ ജാഗ്രത പുലർ​​ത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചിരുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം, ജില്ലാ തലത്തില്‍ രോഗ ലക്ഷണങ്ങള്‍ കൂടുന്നത് നിരീക്ഷിക്കണം, ആർ.ടി.പി.സി.ആര്‍, ആന്റിജൻ പരിശോധനകള്‍ കൂടുതല്‍ നടത്തണം, പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങൾ കേന്ദ്രം നൽകുകയുണ്ടായി. ബുധനാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഡയറക്ടർ ജനറൽ ഡോ രാജീവ് ബഹൽ, നീതിയ ആയോഗ് അംഗം (ആരോഗ്യം) വി.കെ പോൾ, ലോകാരോഗ്യ സംഘടന മുൻ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥൻ എന്നിവർ പ​ങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe