പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകം: മൂന്നുപേർ കസ്റ്റഡിയിൽ, ഓട്ടോ പിടിച്ചെടുത്തതായും സൂചന

news image
Jan 1, 2024, 5:01 am GMT+0000 payyolionline.in

പത്തനംതിട്ട: പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പ്രതികളെന്നു സംശയിക്കുന്ന മൂന്നുപേർ കസ്റ്റഡിയിൽ. അടൂർഭാഗത്തുള്ള മൂന്നുപേരെയാണു കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഒരു ഓട്ടോ പിടിച്ചെടുത്തതായും സൂചനയുണ്ട്. ശനിയാഴ്ച വൈകിട്ടാണു ജോർജ് ഉണ്ണൂണ്ണി (73) കൊല്ലപ്പെട്ടത്. കൊലപാതകം ശ്വാസംമുട്ടിച്ചെന്നാണു പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. മുഖത്തു ക്ഷതമേറ്റിട്ടുണ്ടെന്നും വാരിയെല്ലുകളിലൊന്നിൽ പൊട്ടലുള്ളതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി അടുത്ത ബന്ധുക്കൾ പറഞ്ഞു. കൊലപാതകം നടന്നതു മോഷണത്തിനിടെയെന്ന് ഇന്നലെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.

കഴുത്തു മുറുക്കി കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളാണു ശരീരത്തിലുള്ളതെന്നു ജില്ലാ പൊലീസ് മേധാവി വി.അജിത് വ്യക്തമാക്കിയിരുന്നു. ജോർജ് ഉണ്ണൂണ്ണിയുടെ കഴുത്തിലുണ്ടായിരുന്ന 9 പവന്റെ മാലയും ലോക്കറ്റും കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. കഴുത്തു ഞെരിച്ചു കൊല്ലാൻ ഉപയോഗിച്ചെന്നു കരുതുന്ന 2 കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കടയ്ക്കുള്ളിൽനിന്നു കണ്ടെടുത്തു. ശരീരത്തിൽ പുറമേ മറ്റു പരുക്കുകൾ കണ്ടിട്ടില്ല. മാലയുടെ കൊളുത്തു തറയിൽനിന്നു ലഭിച്ചിട്ടുണ്ട്. മേശ വലിപ്പു തുറന്നു കിടക്കുന്ന നിലയിലാണ്.

ഇന്നലെ രാവിലെ ആരംഭിച്ച ഇൻക്വസ്റ്റ് നടപടികൾ 12 മണിയോടെയാണു പൂർത്തിയായത്. പൊലീസ് നായ സംഭവ സ്ഥലത്തു നിന്നു മണം പിടിച്ചു 400 മീറ്റർ അകലെ ആൾത്താമസമില്ലാത്ത വീട്ടിലേക്ക് ഓടിക്കയറി. പൊലീസ് ഇവിടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe