കോട്ടയം: പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഭരണഘടന ചുമതലയിലുള്ളവര്‍ ചടങ്ങുകള്‍ക്ക് ക്ഷണിക്കുന്നതും സഭയുടെ മേലധ്യക്ഷർ അതില്‍ പങ്കെടുക്കുന്നതും പുതിയ കീഴ്‌വഴക്കമല്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. സര്‍ക്കാറുകളുടെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ഇത്തരം ചടങ്ങുകളിലെ സാന്നിധ്യമെന്ന് വിലയിരുത്തേണ്ടതില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
മണിപ്പൂര്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധവും ആശങ്കയും സഭകള്‍ കേന്ദ്ര സര്‍ക്കാറിനെ പരസ്യമായി അറിയിക്കുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മണിപ്പൂര്‍ വിഷയത്തില്‍ യോജിപ്പോടു കൂടി പോരാട്ടം തുടരുകയാണ് വേണ്ടതെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.