കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാംദിവസത്തെ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ പോയിന്റ് പട്ടികയിൽ കണ്ണൂർ ജില്ല മുന്നിൽ. 327 പോയിന്റ് നേടിയാണ് കണ്ണൂർ സ്വർണക്കപ്പിനായുള്ള പോയിന്റ് പട്ടികയിൽ മുന്നിട്ടുനിൽക്കുന്നത്. 320 പോയിന്റുമായി ആതിഥേയരായ കൊല്ലം രണ്ടാമതുണ്ട്. 319 പോയിന്റ് വീതം നേടി തൃശൂരും പാലക്കാടും തൊട്ടുപിന്നിലുണ്ട്.
കോഴിക്കോട് 314, മലപ്പുറം 305, എറണാകുളം 301, തിരുവനന്തപുരം 282, കോട്ടയം 280, ആലപ്പുഴ 279, വയനാട് 267, പത്തനംതിട്ട 246, ഇടുക്കി 227 എന്നിങ്ങനെയാണ് വൈകീട്ട് 7.30നുള്ള പോയിന്റ് നില.
ഹൈസ്കൂൾ വിഭാഗത്തിൽ 163 പോയിന്റ് നേടി തൃശൂരാണ് മുന്നിൽ. ഹയർ സെക്കൻഡറി വിഭാഗത്തിൽ 169 പോയിന്റുമായി കണ്ണൂരാണ് മുന്നിൽ.
24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ‘ഒ.എൻ.വി സ്മൃതി’യാണ് പ്രധാനവേദി. എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 10,000ലേറെ വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.