നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തി ബാഗിലാക്കി; ബംഗളൂരുവിലേക്ക് കടക്കുന്നതിനിടെ സ്റ്റാർട്ടപ്പ് സി.ഇ.ഒ അറസ്റ്റിൽ

news image
Jan 9, 2024, 9:31 am GMT+0000 payyolionline.in

ബംഗളൂരു: നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുത്തിനിറച്ച ബാഗുമായി കാറിൽ ബംഗളൂരുവിലേക്ക് കടക്കുന്നതിനിടെ യുവതി അറസ്റ്റിൽ. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാര്‍ട്ടപ്പ് കമ്പനി സഹസ്ഥാപകയും സി.ഇ.ഒയുമായ സുചന സേത്ത് (39) ആണ് പിടിയിലായത്. ഗോവയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് മൃതദേഹം ബാഗിലാക്കി ടാക്‌സിയിൽ കര്‍ണാടകയിലേക്ക് പോകുകയായിരുന്നു.

അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് സുചനയെ കുടുക്കിയത്. ശനിയാഴ്ച മകനെയും കൂട്ടി അപ്പാര്‍ട്ട്‌മെന്റിലെത്തിയ അവർ തിങ്കളാഴ്ച രാവിലെ മടങ്ങുമ്പോള്‍ കുട്ടി ഒപ്പമില്ലായിരുന്നു. ബംഗളൂരുവിലേക്ക് പോകാൻ അത്യാവശ്യമായി ടാക്‌സി വേണമെന്ന് സുചന റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റ് ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്‌സി വേണമെന്ന് വാശിപിടിക്കുകയായിരുന്നു. തുടര്‍ന്ന് ടാക്‌സിയില്‍ ബ്രീഫ്‌കേസുമായി ബംഗളൂരുവിലേക്ക് പുറപ്പെട്ടു. ഇതിന് പിന്നാലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരന്‍ മുറിയില്‍ രക്തം പുരണ്ട തുണി കണ്ടെത്തിയതോടെ റിസപ്ഷനിസ്റ്റിനെ വിവരം അറിയിച്ചു. ഹോട്ടൽ അധികൃതർ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.

സി.സി.ടി.വി പരിശോധനയിൽ സുചന മടങ്ങുമ്പോൾ മകൻ ഒപ്പമില്ലെന്ന് വ്യക്തമാകുകയും ചെയ്തു. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകന്‍ ദക്ഷിണ ഗോവയിലെ ബന്ധുവിനൊപ്പ​മാണെന്നായിരുന്നു പറഞ്ഞത്. സംശയം തോന്നിയ പൊലീസ് ടാക്‌സി ഡ്രൈവറെ വിളിച്ച് കാര്‍ അടുത്തുള്ള ചിത്രദുര്‍ഗ പൊലീസ് സ്‌റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെട്ടു. പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe