തിരുവനന്തപുരം: കെ.പി.സി.സിയുടെ രാഷ്ട്രീയ പ്രചരണ ജാഥ നടക്കുന്നതിനാൽ നിയമസഭ സമ്മേളനം മാറ്റി നിശ്ചയിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭ സ്പീക്കറോടാണ് വി.ഡി സതീശൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
‘പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25 മുതൽ ഫെബ്രുവരി 14 വരെയും തുടർന്ന് ഫെബ്രുവരി 26 മുതൽ മാർച്ച് 27 വരെയും സമ്മേളിക്കുവാൻ തീരുമാനിച്ചതായി മനസ്സിലാക്കുന്നു. എന്നാൽ 2024 ഫെബ്രുവരി 9 മുതൽ 25 വരെയുള്ള കാലയളവിൽ കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം രാഷ്ട്രീയ പ്രചരണ ജാഥ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജാഥയിൽ ഞാനും യു.ഡി.എഫ് എം.എൽ.എമാരും നിർബന്ധമായും പങ്കെടുക്കേണ്ടതായിട്ടുണ്ട്’ -എന്ന് സതീശൻ പറഞ്ഞു.
ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരണവും ഫെബ്രുവരി 5, 6, 7 തീയതികളിൽ ബജറ്റ് പൊതു ചർച്ചയും ക്രമീകരിച്ച് ഫെബ്രുവരി 9 മുതൽ 25 വരെയുള്ള കാലയളവിൽ യു.ഡി.എഫ് അംഗങ്ങൾക്ക് ജാഥയിൽ പങ്കെടുക്കുന്നതിനു അവസരമൊരുക്കുന്ന രീതിയിൽ സമ്മേളന കലണ്ടറിൽ മാറ്റം വരുത്തണം എന്നാണ് അദ്ദേഹം അഭ്യർത്ഥിച്ചിരിക്കുന്നത്.