ലക്നൗ: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് യുപിയിൽ ട്രെയിൻ തട്ടി അപകടം. പാളം മുറിച്ച് കടക്കവെ 2 പെൺകുട്ടികളെ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു. ഒരാൾ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. വിദ്യാർഥിനിയായ കജോൾ(17) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വർഷ(18)യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒറായ് ഏരിയയിലുള്ള കോച്ചിങ് സെന്ററിലേക്ക് പോകാനായി അൻജാരി റെയിൽവേ ക്രോസിങ് മറികടക്കവെയാണ് ഇരുവരെയും ട്രെയിൻ ഇടിച്ചത്. കനത്ത മൂടൽമഞ്ഞായതിനാൽ കാഴ്ച അവ്യക്തമായതിനെത്തുടർന്നാണ് അപകടം. വിദ്യാർഥികളെ ഏതു ട്രെയിനാണ് ഇടിച്ചതെന്ന് വ്യക്തമല്ല. സംഭവത്തെത്തുടർന്ന് പ്രദേശവാസികൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി.