രാഹുൽ മാങ്കൂട്ടത്തിലിന് ജയിലിനുമുന്നിൽ വൻ സ്വീകരണമൊരുക്കാൻ യൂത്ത് കോൺഗ്രസ്; ബി.വി. ശ്രീനിവാസ് പ​​ങ്കെടുക്കും

news image
Jan 17, 2024, 12:07 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഒമ്പത് ദിവസത്തെ ജയിൽവാസത്തിന് ശേഷം വിവിധ കേസുകളിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് വൻ സ്വീകരണമൊരുക്കാൻ യൂത്ത് കോൺഗ്രസ്. സംഘടനയുടെ ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാറിന്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്താൻ തീരുമാനിച്ച നൈറ്റ് മാർച്ച് ഒഴിവാക്കും. പകരം ആഹ്ലാദപ്രകടനം നടത്താനാണ് തീരുമാനം. അതേസമയം, തങ്ങളുടെ പ്രവർത്തകർക്ക് നേരെ കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന പൊലീസ്, ഭരണകൂട വേട്ടക്കെതിരെ പ്രതിഷേധം തുടരു​മെന്നും യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.

രാഹുലിനെതിരെ സർക്കാർ നടത്തുന്ന രാഷ്ട്രിയ വേട്ടയാടലിൽ പ്രതിഷേധിച്ചാണ് ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് നൈറ്റ്‌മാർച്ച് സംഘടിപ്പിച്ചിന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടങ്ങാനായിരുന്നു തീരുമാനം. കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നൈറ്റ് മാർച്ച് നടത്തിയിരുന്നു.

സെക്രട്ടറിയേറ്റ് മാര്‍ച്ച്, ഡി.ജി.പി ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെ നാലു കേസുകളിലാണ് ഇന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. വൈകീട്ടോടെ രാഹുൽ ജയിലിനു പുറത്തിറങ്ങും. നേരത്തെ, സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് അവശേഷിച്ച കേസിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡി.ജി.പി ഓഫിസ് മാര്‍ച്ചിലെ കേസില്‍ കൂടി ജാമ്യം അനുവദിച്ച് ഇന്ന് വൈകീട്ട് 3.30ഒാടെ കോടതിയുടെ വിധിവരികയായിരുന്നു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെത്തി ഒപ്പിടണം. 25,000 രൂപ കെട്ടിവയ്ക്കുകയും വേണം.

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട പുതിയ രണ്ട് കേസുകളില്‍‌ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, മറ്റു കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ജയിലില്‍ തന്നെ തുടരുകയായിരുന്നു.

ഇന്നലെ രാവിലെ രാഹുലിനെ പുതിയ കേസുകളില്‍ കൂടി അറസ്റ്റ് ചെയ്തിരുന്നു. സെക്രട്ടറിയേറ്റ് മാർച്ചിലെടുത്ത രണ്ട് കേസുകളിലും ഡി.ജി.പി ഓഫിസ് മാർച്ചിലെടുത്ത കേസിലുമായിരുന്നു നടപടി. പൂജപ്പുര ജയിലിലെത്തിയാണ് തിരുവനന്തപുരം കന്റോൺമെന്റ്- മ്യൂസിയം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളിൽ റിമാൻഡ് ചെയ്യാനായായിരുന്നു രാഹുലിനെ കോടതിയിൽ ഹാജരാക്കിയത്.

ജനുവരി ഒന്‍പതിനാണ് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് പൊലീസ് രാഹുലിനെ നാടകീയമായി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 20നു നടന്ന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസുകളിലായിരുന്നു നടപടി. രാഹുൽ സ്ത്രീകളെ മുന്നിൽനിർത്തി അക്രമം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പട്ടിക കഷണം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചതായും ചൂണ്ടിക്കാട്ടുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe