ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് വെള്ളിയാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തി. ജനുവരി 26 വരെ രാവിലെ 10.20നും ഉച്ചയ്‌ക്ക് 12.45നും ഇടയിൽ വിമാനങ്ങളുടെ ടേക്ക് ഓഫിനും ലാൻഡിങ്ങിനുമാണ് നിയന്ത്രണം.
അതേസമയം, വ്യോമസേനയുടെയും ബിഎസ്‌എഫിന്റെയും ഹെലികോപ്റ്റുകൾക്കും, ഗവർണർമാർക്കും മുഖ്യമന്ത്രിമാർക്കുമായി കേന്ദ്രസർക്കാർ ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകൾക്കും നിയന്ത്രണം ബാധകമല്ല. റിപ്പബ്ലിക് ദിന ആഘോഷത്തിൽ പങ്കെടുക്കുന്നതിന് നിരവധി പ്രമുഖരാണ് ഇന്ത്യയിലേക്ക് വരുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ മുഖ്യാതിഥിയാകും.
റിപ്പബ്ലിക് ദിനാഘോഷം, അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ് എന്നിവ കണക്കിലെടുത്ത് നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. പ്രശ്നസാധ്യതയുള്ള പ്രദേശങ്ങൾ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തും. ഏകദേശം 8000 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി അധികമായി വിന്യസിച്ചത്.
മാർക്കറ്റുകൾ, ആരാധനാലയങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്. ഹോട്ടലുകൾ, വിശ്രമ കേന്ദ്രങ്ങൾ, ധർമശാലകൾ എന്നിവിടങ്ങളിലെത്തുന്ന സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് അറിയിച്ചു.