അയോധ്യയിലെ ശ്രീരാമവിഗ്രഹത്തിന്റെ പൂർണ ചിത്രം പുറത്ത്; കയ്യിൽ സ്വർണ അമ്പും വില്ലുമായി ‘രാം ലല്ല’

news image
Jan 19, 2024, 12:18 pm GMT+0000 payyolionline.in

ന്യൂഡൽഹി ∙ അയോധ്യയിൽ ഈ മാസം 22 ന് പ്രാണപ്രതിഷ്ഠ നടത്തുന്ന ശ്രീരാമവിഗ്രഹത്തിന്റെ പൂർണ ചിത്രം പുറത്ത്. ശ്രീരാമന്റെ അഞ്ചു വയസ്സുള്ള രൂപമായ ‘രാം ലല്ല’ വിഗ്രഹമാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്. മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് നിർമിച്ച 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം കൃഷ്ണശിലയിലാണ് നിർമിച്ചിരിക്കുന്നത്. ഇന്നു രാം ലല്ല വിഗ്രഹം ഗർഭഗൃഹത്തിൽ സ്ഥാപിച്ചിരുന്നു. അതിനു മുൻപു പകർത്തിയ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. സ്വർണ വില്ലും ശരവും പിടിച്ചുനിൽക്കുന്ന ഭാവത്തിലാണ് ശ്രീരാമ വിഗ്രഹം.

വിഗ്രഹത്തിന്റെ കണ്ണുകൾ തുണി കൊണ്ടു മൂടിയ ശേഷമാണ് ഗർഭഗൃഹത്തിൽ സ്ഥാപിച്ചത്. പ്രതിഷ്ഠാ ദിനത്തിൽ പൂജകൾക്കു ശേഷം ഈ കെട്ടഴിക്കും. അചല്‍മൂര്‍ത്തി എന്ന നിലയില്‍ ഈ വിഗ്രഹമായിരിക്കും പ്രധാന പ്രതിഷ്ഠ. താല്‍ക്കാലിക ക്ഷേത്രത്തില്‍ ഇപ്പോള്‍ ആരാധിക്കുന്ന വിഗ്രഹം ഇതിനു താഴെ ഉത്സവമൂര്‍ത്തിയായി പ്രതിഷ്ഠിക്കും.

പ്രാണപ്രതിഷ്ഠാ ചടങ്ങിൽ മുഖ്യയജമാനനാകുക പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഞായറാഴ്ച വൈകിട്ട് പ്രധാനമന്ത്രി അയോധ്യയിലെത്തും. പ്രതിഷ്ഠാദിനത്തിൽ രാവിലെ സരയൂ നദിയില്‍ സ്നാനം ചെയ്ത ശേഷം രാംപഥിലൂടെയും ഭക്തിപഥിലൂടെയും ക്ഷേത്രത്തിലേക്കു നടക്കും. രണ്ടു കിലോമീറ്ററോളം മോദി കാല്‍നടയായി പോകുമെന്നാണ് സൂചന. തുടര്‍ന്ന് ഹനുമാന്‍ഗഢി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് 22 ന് ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചു. ഇതു പൊതുമേഖലാ ബാങ്കുകൾക്കും ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾക്കും പ്രാദേശിക റൂറൽ ബാങ്കുകൾക്കും ബാധകമാണെന്നും ധനമന്ത്രാലയം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe