സാംസങ് അവരുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളായ എസ് 24 സീരീസ് ഇന്നലെയായിരുന്നു റിലീസ് ചെയ്തത്. അതിനൊപ്പം ഏവരുടെയും ശ്രദ്ധയാകർഷിച്ച മറ്റൊരു കാര്യം കൂടി ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഇന്റർനെറ്റിൽ തിരയാനുള്ള സംവിധാനങ്ങളുമായി ഗൂഗിൾ ആണെത്തിയത്.
ഗൂഗിളിന്റെ “സർക്കിൾ ടു സെർച്ച്” എന്ന പുതിയ ഫീച്ചറാണ് അതിലൊന്ന്. അതായത്, ആൻഡ്രോയ്ഡ് ഫോണുകളിൽ ‘ഗൂഗിൾ സെർച്ച്’ ചെയ്യാനുള്ള പുതിയൊരു മാർഗവുമായിട്ടാണ് സെർച്ച് എൻജിൻ ഭീമൻ എത്തിയത്.
നിങ്ങളുടെ ഫോണിന്റെ സ്ക്രീനിൽ ഗെസ്ചറുകൾ ഉപയോഗിച്ച് തിരയാനുള്ള ഓപ്ഷനാണ് നൽകുന്നത്. നിങ്ങൾ ഏത് ആപ്പിൽ വേണമെങ്കിലുമായിക്കോട്ടെ, സ്ക്രീനിൽ കാണുന്ന എഴുത്തിലോ, ചിത്രത്തിലോ ഒരു വട്ടം വരച്ചോ, എഴുതിയോ, ഹൈലൈറ്റ് ചെയ്തോ, ടാപ് ചെയ്തോ നിങ്ങൾക്ക് ഗൂഗിൾ സെർച് ചെയ്യാം. ഗൂഗിള്‍ ലെന്‍സ് സെര്‍ച്ചിന്റെ മറ്റൊരു പതിപ്പാണിത്.
ഉദാഹരണത്തിന് നിങ്ങൾ ഇൻസ്റ്റഗ്രാമിൽ ഒരു ബാഗിന്റെ ചിത്രം കാണുന്നു. അത് ഏത് ബ്രാൻഡ് പുറത്തിറക്കിയ ബാഗ് ആണെന്ന് നിങ്ങൾക്കറിയില്ല, അതറിയാനായി ബാഗിന് ചുറ്റും ഒരു വര വരച്ച് ഗൂഗിളിൽ തിരയാം. അതിന് സമാനമായ ഫലങ്ങൾ ഗൂഗിൾ സെർച് എൻജിൻ മുന്നിലെത്തിക്കും. ഇനി, ആ ബാഗിന്റെ സ്ക്രീൻഷോട്ട് എടുത്ത് അത് ഗൂഗിളിൽ ഇമേജ് സെർച് ചെയ്യേണ്ടതില്ല. ഗൂഗിൾ ലെൻസ് എന്ന ആപ്പിലേക്ക് ചിത്രം ഷെയർ ചെയ്യേണ്ട ആവശ്യവും വരുന്നില്ല.
പക്ഷെ, ഗൂഗിളിന്റെ പിക്സല്‍ 8, പിക്സല്‍ 8 പ്രോ, പുതിയ സാംസങ് ഗാലക്സി എസ് 24 സീരീസ് അടക്കം തെരഞ്ഞെടുത്ത ചില പ്രീമിയം ആന്‍ഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് നിലവിൽ ഈ സേവനം ലഭ്യമാവുകയെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പിന്തുണയോടെയുള്ള അപ്ഗ്രേഡുകളിലൂടെയും ഒരേ സമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിച്ചുള്ള മള്‍ട്ടി സെര്‍ച്ചുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് വെബില്‍ കൂടുതല്‍ വ്യക്തമായി കാര്യങ്ങള്‍ അറിയാനാകുമെന്നാണ് ഗൂഗിള്‍ പറയുന്നത്.