ആലപ്പുഴ> കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ സമരം ചെയ്യാൻ വേറെ ആളെ നോക്കണമെന്ന് വി ഡി സതീശൻ. ആലപ്പുഴ ഡിസിസിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കേന്ദ്രവിഹിതം വെട്ടിക്കുറിച്ച് ബിജെപി ഇതര സർക്കാരുകളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തുന്ന സമരത്തിൽനിന്ന് യുഡിഎഫ് വിട്ടുനിൽക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് വി ഡി സതീശൻ ഇക്കാര്യം പറഞ്ഞത്.
സാമ്പത്തിക പ്രതിസന്ധി കേരള സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് ഉണ്ടായതാണ്. കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ടിൽ കുറവുവന്നത് സാമ്പത്തിക പ്രതിസന്ധിക്ക് ഒരുകാരണം മാത്രമാണ്. കേന്ദ്രസർക്കാരിന്റെ നികുതി വരുമാനത്തിന്റെ 28ശതമാനംവരെ സെസും സർച്ചാർജും വർധിപ്പിച്ച നടപടി സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞുമാറിയ വി ഡി സതീശൻ കേരള സർക്കാരിന്റെ ദൂർത്തും അഴിമതിയുമാണ് പ്രതിസന്ധിക്ക് കാരണമെന്നും കേരളം നികുതി വെട്ടിപ്പുകാരുടെ കേന്ദ്രമാണെന്നും ആരോപിച്ചു.
കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള പണത്തെക്കുറിച്ച് സംസ്ഥാനസർക്കാർ ധവളപത്രം ഇറക്കട്ടെ. എല്ലാ രേഖകളും കൊടുത്തിട്ടും പണം കിട്ടുന്നില്ലെങ്കിൽ ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന സമരത്തെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും സതീശൻ പറഞ്ഞു.