തൊടുപുഴ: ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്‍ എം.എൽ.എക്കെതിരെ ഗുരുതര കണ്ടെത്തലുകളെന്ന് വിജിലൻസ്. ഭൂമിയിടപാടിൽ കുഴൽനാടൻ നികുതിവെട്ടിപ്പ് നടത്തിയെന്നും 50 സെന്‍റ് പുറമ്പോക്ക് ഭൂമി കൈയേറി മതിൽ നിർമിച്ചെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. ഭൂമി രജിസ്ട്രേഷനിൽ ക്രമക്കേടുണ്ടെന്നും കെട്ടിടത്തിന്‍റെ കാര്യം മറച്ചുവച്ചതായും വിജലൻസ് പറയുന്നു.
അതേസമയം, ഭൂമി അളന്നു നോക്കിയിട്ടില്ലെന്നും ആധാരത്തിൽ ഉള്ളതിനെക്കാൾ കൂടുതൽ ഭൂമി ഉള്ളതായി അറിയില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. അളന്നിട്ട് കൂടുതൽ ഭൂമി ഉണ്ടെങ്കിൽ തുടർനടപടി എടുക്കട്ടെ എന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും കുഴൽനാടൻ പറഞ്ഞു.
ഏതുതരം അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. മാസപ്പടി വിഷയം ഉയർന്നതിന് പിന്നാലെയാണ് ഭൂമി വിഷയം പെട്ടെന്ന് ഉയർന്നു വന്നത്. പൊതുജനത്തിന്‍റെ മുമ്പിൽ സംശയത്തിന്‍റെ പുകമറ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് നടപടിയെങ്കിൽ അത് അനുവദിക്കില്ല. ഭൂമി കൈമാറിയവർ ഇട്ട അതിരടയാളം മാത്രമാണ് ഇപ്പോഴും ഉള്ളത്. താൻ വാങ്ങിയ ശേഷം ഭൂമി അളന്നിട്ടില്ല.
ആധാരത്തിൽ കൂടുതൽ ഭൂമി കൈവശമുണ്ടെന്ന് അറിയാമോ എന്ന് വിജിലൻസ് ചോദിച്ചു. പരിശോധിച്ചിട്ടില്ലെന്നും നിങ്ങൾ പരിശോധിച്ച് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അതനുസരിച്ചുള്ള നടപടി സ്വീകരിക്കാമെന്നും കുഴൽനാടൻ വ്യക്തമാക്കി.