ന്യൂഡൽഹി: രാമനെ എതിർക്കുന്നവരെ ശങ്കാരാചാര്യന്മാരായി കാണാൻ സാധിക്കില്ലെന്ന് യോഗാ പരിശീലകൻ രാംദേവ്. ജനുവരി 22 സനാതന സാംസ്കാരിക പൈതൃകത്തിന്റെയും ജനാധിപത്യത്തിന്റേയും പ്രധാനപ്പെട്ട ദിവസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാം കി പൈഡിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
രാജ്യത്ത് രാമരാജ്യം സ്ഥാപിച്ചുകഴിഞ്ഞു. 1947ൽ രാജ്യത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചു. ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് വ്യക്തമാക്കുന്നത് ഇന്ത്യയിലെ സനാതന പൈതൃക സംസ്കാരത്തിന്റെ സ്വാതന്ത്ര്യം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമാണം പൂർത്തിയാക്കാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് ആചാരലംഘനമാണെന്നാണ് നാലു മഠങ്ങളിലെ ശങ്കരാചാര്യന്മാരും ചൂണ്ടിക്കാട്ടിയത്. ഈ വിമർശനം പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തതോടെ ബി.ജെ.പി പ്രതിരോധത്തിലായിരുന്നു. മറുപടി നൽകാൻ കഴിയാതെ കുടുങ്ങിയ ബി.ജെ.പിയെ സഹായിക്കാനാണ് വി.എച്ച്.പി രംഗത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തിങ്കളാഴ്ച നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നായകസ്ഥാനം വഹിക്കുക. രാഷ്ട്രീയ നേതാക്കളും, സിനിമാ താരങ്ങളും വ്യവസായികളും മതപണ്ഡിതരും ഉൾപ്പെടെ ഏഴായിരത്തോളം പേർക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. നാളെ മുതൽ ക്ഷേത്രം പൊുജനങ്ങൾക്ക് തുറന്നു നൽകും.
ചടങ്ങ് പ്രമാണിച്ച് ഡൽഹിയിലെ എയിംസ് ആശുപത്രി ഉച്ചക്ക് 2.30 വരെ അടച്ചിടുമെന്നാണ് റിപ്പോർട്ട്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകി വിധി പ്രസ്താവിച്ച ജഡ്ജിമാർക്കും ക്ഷണം ലഭിച്ചിരുന്നു.