രൺജിത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷാവിധി വ്യാഴാഴ്ച

news image
Jan 22, 2024, 9:01 am GMT+0000 payyolionline.in

മാവേലിക്കര: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ 15 പ്രതികളുടെ ശിക്ഷ വ്യാഴാഴ്ച വിധിക്കും. മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് വിധി പുറപ്പെടുവിക്കുക. അന്നേദിവസം പ്രതികളുടെ പ്രതികരണവും കോടതി തേടും.

പ്രതിഭാഗത്തിന്‍റെ വാദവും പ്രോസിക്യൂഷന്‍റെ എതിർവാദവുമാണ് ഇന്ന് കോടതിയിൽ നടന്നത്. കുറ്റക്കാരായി കണ്ടെത്തിയവർക്ക് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. നടന്നത് രാഷ്ട്രീയ കൊലപാതകമാണ്. ഇത്തരം കൊലപാതകം കേരളത്തിൽ സർവസാധാരണമാണ്. അപൂർവങ്ങളിൽ അപൂർവമെന്ന നിലയിൽ കുറ്റകൃത്യത്തെ കാണരുത്. പ്രതികൾക്ക് വധശിക്ഷ നൽകരുത്. പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിക്കണമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ കൊലപാതകമായി കാണാൻ സാധിക്കില്ലെന്നും നിരോധിത മതസംഘടനയിൽപ്പെട്ടവർ ആസൂത്രണം ചെയ്ത് നടപ്പാക്കിയ മതവിരോധവുമായി ബന്ധപ്പെട്ട സംഭവമാണെന്നും പ്രോസിക്യൂഷൻ എതിർവാദം ഉന്നയിച്ചു.

ഒന്നു മുതൽ എട്ടുവരെയുള്ളവർ നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തെന്നും ഒമ്പതു മുതൽ 12 വരെയുള്ള പ്രതികൾ സഹായം നൽകിയെന്നും മറ്റുള്ളവർ ഗൂഢാലോചനയിൽ പങ്കാളികളായെന്നും ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.

എസ്.ഡി.പി.ഐ -പോപുലർ ഫ്രണ്ട് പ്രവർത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേ ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരങ്ങാട്ട് മുഹമ്മദ് അസ്‌ലം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം (സലാം), അടിവാരം ദാറുസബീൻ വീട്ടിൽ അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകത്ത് സഫറുദ്ദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറയിൽ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശ്ശേരി ചിറയിൽ ജസീബ് രാജ, മുല്ലക്കൽ വട്ടക്കാട്ടുശ്ശേരി നവാസ്, കോമളപുരം തയ്യിൽവീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേവെളിയിൽ ഷാജി (പൂവത്തിൽ ഷാജി), മുല്ലക്കൽ നൂറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് അഷ്റഫ് എന്നിവരാണ് പ്രതികൾ.

2021 ഡിസംബർ 19ന് പുലർച്ചയാണ് ആലപ്പുഴ വെള്ളക്കിണറിലെ കുന്നുംപുറത്ത് വീട്ടിൽ കയറിയ സംഘം കുടുംബാംഗങ്ങളുടെ മുന്നിലിട്ട് രൺജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. 12 അംഗ സംഘം ആറ് വാഹനത്തിലായി എത്തി കൃത്യം നടത്തിയെന്നായിരുന്നു കേസ്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ടതിന്‍റെ പ്രതികാരമായാണ് കൃത്യം നടന്നതെന്നായിരുന്നു കേസ്. 2021 ഡിസംബർ 18നാണ് ഷാൻ കൊല്ലപ്പെട്ടത്.

ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് നൂറോളം സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി.

അതേസമയം, ഷാൻ വധക്കേസിൽ വിചാരണ തുടങ്ങിയിട്ടില്ല. അന്വേഷണത്തിലും കേസ് നടത്തിപ്പിലും സർക്കാർ ഭാഗത്തു നിന്നുണ്ടായ അലംഭാവമാണ് നടപടികൾ ഇഴയാൻ കാരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe