തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള സുവർണ്ണാവസരം: ടൊവിനോ തോമസ്

news image
Jan 25, 2024, 1:07 pm GMT+0000 payyolionline.in

കൊച്ചി > തെരഞ്ഞെടുപ്പുകളിൽ വിവേകപൂർവ്വം വോട്ടവകാശം വിനിയോഗിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള സുവർണ്ണാവസരം ആണെന്ന് ചലച്ചിത്ര താരവും തെരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ് ഐക്കണുമായ ടൊവിനോ തോമസ് പറഞ്ഞു. എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിൽ ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പുവരുത്തുന്ന ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് വോട്ടിംഗിലൂടെ സാധ്യമാകുന്നത്. വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും കടമയാണ്. വോട്ട് ചെയ്യാതിരിക്കുന്നത് നമ്മെ മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരെയും ബാധിക്കും.  ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന നമ്മെ നയിക്കാന്‍ കഴിയുന്ന വ്യക്തിക്കായിരിക്കും എന്റെ വോട്ട്. വോട്ടവകാശം ലഭിച്ച ശേഷം വോട്ട് ചെയ്യാനുള്ള അവസരം ഒരിക്കലും നഷ്‌ടപ്പെടുത്തിയിട്ടില്ലെന്നും യുവാക്കളടക്കം എല്ലാവരും വോട്ട് ചെയ്യണമെന്നും ടൊവിനോ അഭ്യർത്ഥിച്ചു.

വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനാണ് ദേശീയ സമ്മതിദാന ദിനം ആഘോഷിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. യുവാക്കളുടെ വോട്ടിംഗ് ശതമാനം കുറവാണെന്നത് വലിയ വെല്ലുവിളിയാണ്. 35 വയസില്‍ താഴെയുള്ളവരാണ് രാജ്യത്തെ ജനസംഖ്യയുടെ 60 – 65 ശതമാനം. ജനാധിപത്യത്തിന്റെ ഭാവി യുവാക്കളുടെ കൈകളിലാണ്. അതിനാൽ ആഗോള തലത്തില്‍ സൂപ്പര്‍ പവറായി രാജ്യം വളരുമ്പോള്‍ നാടിനെ നയിക്കേണ്ട യുവാക്കള്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്നും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe