ഒരാഴ്ച മുന്‍പ് തന്നെ ഡല്‍ഹിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു. സേനകളുടെ മാര്‍ച്ച് കടന്നുപോകുന്ന കര്‍ത്തവ്യപഥ് മുതല്‍ ചെങ്കോട്ട വരെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താല്‍ക്കാലിക ബാരിക്കേഡുകളും നിരീക്ഷണ പോസ്റ്റുകളും ഈ മേഖലയില്‍ ഏര്‍പ്പെടുത്തി. കമാന്‍ഡോകള്‍, ദ്രുത കര്‍മ്മ സേന അംഗങ്ങള്‍, സേനയുടെയും പൊലീസിന്റെയും നിരീക്ഷണ വാഹനങ്ങള്‍ എന്നിവ മേഖലകളില്‍ വിന്യസിക്കും. ഓരോ സോണിനും ഡിസിപിയോഅഡീഷണല്‍ ഡിസിപിയോ നേതൃത്വം നല്‍കും. കഴിഞ്ഞ ദിവസം രാത്രി 10 മണി മുതല്‍ തന്നെ ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചിരുന്നു.ഡല്‍ഹിയില്‍ ട്രാഫിക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം രാത്രി രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു. എഴുപത്തിയഞ്ചാം റിപബ്ലിക് ദിനം അഭിമാന മുഹൂര്‍ത്തമെന്നും രാജ്യം പുരോഗതിയുടെ പാതയിലാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. നമ്മുടെ മൂല്യങ്ങള്‍ ഓര്‍മിക്കേണ്ട സമയമാണ് ഇത്. പ്രതികൂല സാഹചര്യത്തിലും ഇന്‍ഡ്യ മുന്നേറി. രാജ്യം പുതിയ ഉയരങ്ങളിലെത്താന്‍ ഒരോ പൗരനും പ്രയത്‌നിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.