കൊച്ചി: കാക്കനാട് കേന്ദ്രമാക്കി മയക്കുമരുന്ന് ഗുളികകള്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളെ പിടികൂടിയെന്ന് എക്സൈസ്. എറണാകുളം സ്വദേശികളായ ഫ്രെഡി.വി.എഫ്, അഖില്‍ മോഹനന് എന്നിവരാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെയും മാമല റേഞ്ച് സംഘത്തിന്റെയും പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 110 മയക്കുമരുന്ന് ഗുളികകളും (61.05 ഗ്രാം) ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും പിടിച്ചെടുത്തെന്ന് എക്സൈസ് അറിയിച്ചു.
‘കൊച്ചിയിലെ ലഹരിമരുന്ന് വിതരണ സംഘത്തിലെ പ്രധാനികളാണ് ഇവര്‍. കാക്കനാട് കേന്ദ്രീകരിച്ച് യുവതി യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ മയക്കുമരുന്ന് ഗുളികകള്‍ എത്തിച്ച് നല്‍കിയിരുന്നത് ഇവരാണ്.’ സമൂഹ മാധ്യമങ്ങളിലൂടെ ‘ആസിഡ് ഡ്രോപ്പര്‍ ടാസ്ക് ടീം’ എന്ന ഗ്രൂപ്പ് തുടങ്ങി അതിലൂടെ ‘മിഠായി’ എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചാണ് ഇവര്‍ മയക്കുമരുന്ന് ഗുളികകള്‍ വിറ്റഴിച്ചിരുന്നതെന്നും എക്സൈസ് അറിയിച്ചു.
എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി.അനികുമാറിന്റെ നിര്‍ദേശപ്രകാരം നടന്ന റെയ്ഡില്‍ മാമല റേഞ്ച് ഇന്‍സ്പെക്ടര്‍ കലാധരന്‍.വി, ഉദ്യോഗസ്ഥരായ സാബു വര്‍ഗീസ്, പി.ജി ശ്രീകുമാര്‍, ചാര്സ് ക്ലാര്‍വിന്‍, എന്‍.ജി അജിത്ത് കുമാര്‍, എന്‍.ഡി.ടോമി എന്നിവര്‍ പങ്കെടുത്തു.