മൂന്നു പേരുടെ ജീവനെടുത്ത പടക്കം നിർമ്മാണശാല സ്ഫോടനം: മംഗളൂരുവില്‍ ഉടമ അറസ്റ്റിൽ

news image
Jan 29, 2024, 11:35 am GMT+0000 payyolionline.in

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടിയിൽ മൂന്നു പേരുടെ ജീവനെടുത്ത പടക്ക നിർമ്മാണ ശാല ഉടമ സെയ്ദ് ബഷീറിനെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വേനൂർ റോഡിൽ ഗോളിയങ്ങാടിയിൽ ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്ന് തൊഴിലാളികളായിരുന്നു മരിച്ചത്.

സംഭവശേഷം രക്ഷപ്പെട്ട ഉടമയെ സുള്ള്യയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.സ്ഫോടനം നടന്ന സ്ഥലവാസി ശാന്തി കുട്ത്യാറുവിന്റെ പരാതിയിലാണ് വേനൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

ആവശ്യമായ ഔദ്യോഗിക അനുമതിയോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് തോട്ടത്തിൽ പടക്ക നിർമ്മാണം നടത്തിവന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് സി.ബി.ഋഷ്യന്ത് പറഞ്ഞു.മരിച്ചവരിൽ രണ്ടു പേർ മലയാളികളും ഒരാൾ ഹാസൻ സ്വദേശിയും ആണെന്നാണ് പ്രാഥമിക അറിവ്.ഉടമയെ ചോദ്യം ചെയ്താൽ മാത്രമേ ഇവരെക്കുറിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ.സ്ഫോടന ആഘാതത്തിൽ ചിന്നിച്ചിതറിയ നിലയിലായിരുന്നു രണ്ട് മൃതദേഹങ്ങൾ.മൂന്നാമൻ ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്.

എ.സ്വാമി(55),എം.വർഗീസ്(68),ഹാസൻ അർസിക്കരയിലെ ചേതൻ(25) എന്നിവരാണ് മരിച്ചത്. ഹാസൻ സ്വദേശികളായ സി.ദിനേശ്(32),കെ.കിരൺ(30),അർസികരെയിലെ യു.കുമാർ(33),ചിക്കമരഹള്ളിയിലെ എം.കലേശ(29), കെ.പ്രേം (27),സി.കേശവ്(34) എന്നിവർക്കാണ് പരുക്കേറ്റത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe