സൊമാലിയൻ കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

news image
Jan 29, 2024, 3:11 pm GMT+0000 payyolionline.in

കൊച്ചി :സൊമാലിയൻ കടൽ കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. ഇന്ത്യയുടെ പടക്കപ്പലായ ഐഎൻഎസ് സുമിത്രയാണു രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയത്. ഇറാനിയൻ മത്സ്യബന്ധന കപ്പലാണു മോചിപ്പിച്ചത്. കപ്പലിൽ 17 ജീവനക്കാരുണ്ടായിരുന്നു. കൊച്ചിയിൽനിന്നു 700 നോട്ടിക്കൽ മൈൽ അകലെയാണു സംഭവം.

സൊമാലിയയുടെ കിഴക്കൻ തീരം, ഏദൻ കടലിടുക്ക് എന്നിവിടങ്ങളിലെ ഓപ്പറേഷന്റെ ഭാഗമായാണ് ഇറാനിയൻ മത്സ്യബന്ധന കപ്പലായ ഇമാനെ ഇന്ത്യ രക്ഷിച്ചത്. കപ്പൽ ജീവനക്കാരെ കടൽ കൊള്ളക്കാർ ബന്ദികളാക്കി വച്ചിരിക്കുകയായിരുന്നു. അപായസന്ദേശം കിട്ടിയയുടൻ ഐഎൻഎസ് സുമിത്ര സ്ഥലത്തെത്തുകയും ഇടപെടുകയും ചെയ്തു. ഇന്ത്യയുടെ യുദ്ധക്കപ്പൽ എത്തിയതോടെ പരിഭ്രാന്തരായ കടൽ കൊള്ളക്കാർ ആദ്യം ബന്ദികളെ മോചിപ്പിച്ചു.

വൈകാതെതന്നെ കൊള്ളക്കാർ കപ്പലും വിട്ടുനൽകിയതായി നാവികസേന എക്സ് പ്ലാറ്റ്‍‌ഫോമിൽ വ്യക്തമാക്കി. കടൽ കൊള്ളക്കാരെ തുരത്താനും സമുദ്രസുരക്ഷയ്ക്കുമായി ഇന്ത്യൻ നാവികസേന സദാജാഗരൂകരായി നിലയുറപ്പിച്ചിട്ടുണ്ട്. സമുദ്രാതിര്‍ത്തി സുരക്ഷിതമാക്കുക, കടൽക്കൊള്ളക്കാരുടെ ഭീഷണിയും ഡ്രോൺ ആക്രമണങ്ങളും തടയുക എന്നിവയ്ക്കായി മേഖലയിൽ മുൻനിര യുദ്ധക്കപ്പലുകൾ ഇന്ത്യ വിന്യസിച്ചതായി പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe