രൂക്ഷമായ വാദപ്രതിവാദങ്ങ‌‌ൾക്കൊടുവിൽ പ്രതിപക്ഷത്തിൻെറ വാക്കൗട്ട്, അടിയന്തര പ്രമേയം തള്ളി സ്പീക്കർ, സഭ പിരിഞ്ഞു

news image
Jan 30, 2024, 12:33 pm GMT+0000 payyolionline.in

തിരുവനന്തപുരം: രൂക്ഷമായ വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി സ്പീക്കര്‍. ചര്‍ച്ചയുടെ അവസാനം പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി. പ്രമേയം തള്ളിയതിന് പിന്നാലെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സംസ്ഥാന സർക്കാറിൻറെ ധൂർത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. എന്നാല്‍, കേന്ദ്രമാണ് എല്ലാറ്റിനും ഉത്തരവാദിയെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. സാമ്പത്തിക പ്രതിസന്ധിയിലെ അടിയന്തിരപ്രമേയ നോട്ടീസിൽ സഭ നിർത്തിയുള്ള ചർച്ചയിൽ രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് നടന്നത്.ദില്ലി സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിൻറെ അടിയന്തിര പ്രമേയ നോട്ടീസ് ചർച്ചക്ക് എടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്.

 

കേന്ദ്ര നയം ഒരു കാരണമാണെങ്കിലും പ്രതിസന്ധിയുടെ പ്രധാന ഉത്തരവാദി സംസ്ഥാനമെന്ന് വിമർശിച്ചായിരുന്നു പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതികരണങ്ങള്‍.എന്നാല്‍, 32000 കോടി കിട്ടാനുണ്ടെന്നാണ് കേന്ദ്രത്തിന് അയച്ച കത്തിൽ സർക്കാർ പറയുന്നത്. 5132 കോടിയാണ് കേന്ദ്രം തടഞ്ഞുവെച്ചതെന്നാണ് മുൻധനമന്ത്രിയും സഭയിൽ പറഞ്ഞത്. എന്നാല്‍, ഇത് മറച്ചുവെച്ച്  57000 കോടിയെന്നാണ് പുറത്തുപ്രചരിപ്പിക്കുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു. ഓട പണിയാൻ പോലും കാശില്ലെന്നും സതീശൻ പരിഹസിച്ചു.നവകേരളസദസ്സും കേരളീയവും ക്ലിഫ് ഹൗസിലെ നവീകരണവുമെല്ലാം പറഞ്ഞായിരുന്നു പ്രതിപക്ഷത്തിന്‍റെ ധൂർത്താരോപണം. ജിഎസ് ടി വന്നശേഷം നികുതി പരിഷ്ക്കരിച്ചില്ല, നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയെന്നും പ്രതിപക്ഷം ആരോപിച്ചു.

 

വരുമാനത്തിൽ കുറവുണ്ടായെങ്കിലും മുൻ വർഷത്തെക്കാൾ കൂടുതൽ ട്രഷറിയിൽ നിന്ന് ചെലവിട്ടെന്ന് ധനമന്ത്രി പറഞ്ഞു.  ധനകാര്യകമ്മീഷൻ കണക്ക് പ്രകാരം 3.8 ശതമാനം കിട്ടേണ്ടതിന് പകരം  1.9 ശതമാനം തുകമാത്രമാണ് ലഭിക്കുന്നത്, 30000 കോടിയിൽ നിന്നും കേരളത്തിന്‍റെ ഗ്രാൻ്ര് 15000 കോടിയായി കുറഞ്ഞെന്ന് ആർബിഐ റിപ്പോർട്ടുണ്ട്. പ്രതിസന്ധിയാണെങ്കിലും ട്രഷറി പൂട്ടിയെന്ന പ്രചാരണം തെറ്റെന്നും കെഎന്‍ ബാലഗോപാൽ സഭയില്‍ പറഞ്ഞു.കേരളീയവും നവകേരളസദസ്സുമൊന്നും ധൂർത്തല്ലെന്നും ക്സിഫ് ഹൗസിൽ മുൻ മുഖ്യമന്ത്രിമാരുടെ കാലത്തും നവീകരണം നടന്നെന്നും ബാലഗോപാൽ പറഞ്ഞു. ദില്ലി സമരം ബഹിഷ്ക്കരിച്ചതായിരുന്നു ഭരണനിരയുടെ പ്രതിപക്ഷത്തിനെതിരായ പ്രധാന ആയുധം. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ക്രിയാത്മക നിർദ്ദേശങ്ങൾ സർക്കാരിനില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ചർച്ചയുടെ അവസാനം ഇറങ്ങിപ്പോയി. തുടര്‍ന്ന് റോജി എം ജോൺ അവതരിപ്പിച്ച പ്രമേയം സ്പീക്കർ തള്ളി. ഇതിനുപിന്നാലെ സഭ പിരിയുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe