തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങിയ റേഷനിങ് ഓഫീസറെ നാല് വർഷം തടവിന് ശിക്ഷിച്ചു

news image
Jan 30, 2024, 2:09 pm GMT+0000 payyolionline.in

തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ റേഷനിങ് ഓഫീസറെ നാല് വർഷം തടവിന് ശിക്ഷിച്ചു. സിറ്റി നോർത്ത് റേഷനിങ് ഓഫീസറായിരുന്ന പ്രസന്നകുമാർ റേഷൻ കടക്കാരനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി നാല് വർഷം തടവിനും 25,000 രൂപ പിഴയും അടക്കണമെന്ന് വിജിലൻസ് കോടതി വിധിച്ചു.

2014-ൽ തിരുവനന്തപുരം സിറ്റി നോർത്ത് റേഷനിങ് ഓഫീസറായിരുന്ന പ്രസന്നകുമാർ, പട്ടത്ത് റേഷൻ കട നടത്തിയിരുന്ന പരാതിക്കാരന് ജില്ലാ സപ്ലൈ ഓഫീസർ 2014 ജൂലൈ മാസം ഇരുപത്തഞ്ചാം തിയതി പരുത്തിപ്പാറയിലുള്ള മറ്റൊരു റേഷൻ കടയുടെ അധിക ചുമതല കൂടി നടത്തിപ്പിനായി നൽകിയിരുന്നു. പുതുതായി ലഭിച്ച റേഷൻ കട നടത്തുന്നതിന് പ്രസന്നകുമാർ 10,000 രുപ പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടു.

2014-സെപ്തംബർ 24ന് റേഷൻ കടക്കാരനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയപ്പോൾ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റിലെ ഡി.വൈ.എസ്.പി ടി.അജിത് കുമാർ കൈയോടെ പിടികൂടി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നൽകി. ഈ കേസിലാണ് ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പ്രതിയായ പ്രസന്നകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe