റിവ്യൂ ബോംബിങ്: തുടർ നടപടികളുടെ റിപ്പോര്‍ട്ട് നൽകാൻ ഹൈക്കോടതി നിർദേശം

news image
Jan 30, 2024, 2:55 pm GMT+0000 payyolionline.in

കൊച്ചി: സിനിമകളെ ‘റിവ്യൂ ബോംബിങ്’ നടത്തി നശിപ്പിക്കുന്നതിനെ കുറിച്ച് വിവരം പങ്കുവയ്ക്കാന്‍ ചലച്ചിത്ര നിർമാതാക്കൾക്കും പൊതുജനങ്ങള്‍ക്കുമായി പ്രത്യേക വെബ്പോര്‍ട്ടൽ ആരംഭിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിക്ക് ഹൈക്കോടതി നിർദേശം. റിവ്യൂ ബോംബിങ് വിഷയത്തിൽ കഴിഞ്ഞ വർഷമൊടുവിൽ ഹൈക്കോടതി സ്വീകരിച്ച കടുത്ത നടപടികളുടെ തുടർച്ചയാണ് ഇത്.

റിവ്യൂ ബോംബിങ് ചെറുക്കാനുള്ള നിർ‍ദേശങ്ങളടങ്ങിയ പ്രോട്ടോക്കോൾ സംസ്ഥാന പൊലീസ് മേധാവി നേരത്തെ കോടതിക്ക് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളുടെ ഭാഗമായി വെബ് പോർട്ടൽ പോലുള്ളവ ആവശ്യമാണോ തുടങ്ങിയ കാര്യങ്ങളിലാണ് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചത്. ഇതിന് അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് ഫെബ്രുവരി 13ന് പരിഗണിക്കാൻ മാറ്റിവച്ചു.

റിലീസ് ചെയ്യുന്ന സിനിമകൾക്കെതിരെ ഓൺലൈൻ വ്ലോഗർമാർ അടക്കം നടത്തുന്ന നെഗറ്റീവ് റിവ്യൂകൾക്കെതിരെ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് അടക്കമുള്ളവർ നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹർജികളുടെ തുടർച്ചയായാണ് റിവ്യൂ ബോംബിങ് തടയുന്നതിനുള്ള നടപടികൾക്ക് കോടതി നിർദേശം നൽകിയത്. തുടർന്ന് ഇക്കാര്യത്തിൽ സംസ്ഥാന പൊലീസ് പ്രോട്ടോക്കോൾ പുറത്തിറക്കിയിരുന്നു. ഭീഷണി, ബ്ലാക്മെയിൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള റിവ്യൂകൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കഴിയും. അതേസമയം, ഭരണഘടന ഉറപ്പുനൽ‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന വിധത്തിലാകരുത് നടപടി തുടങ്ങി അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള നിര്‍ദേശങ്ങളും പ്രോട്ടോക്കോളിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe