ന്യൂഡൽഹി: സസ്പെൻഷനിലുള്ള ഇന്ത്യൻ ഗുസ്‍തി ഫെഡറേഷൻ പ്രസിഡന്റ് അനധികൃതമായി ഗുസ്തി ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുകയും വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം നടത്തുകയും ചെയ്യുന്നതായി ഇന്ത്യൻ ഗുസ്തി താരം സാക്ഷി മാലിക്. വനിത താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണമുയർന്ന ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷന്റെ വലംകൈയും സസ്പെൻഷനിലുള്ള പുതിയ പ്രസിഡന്റുമായ സഞ്ജയ് സിങ്ങിനെതിരെയാണ് ആരോപണം. സസ്പെൻഷനിലുള്ള ഒരാൾക്ക് എങ്ങനെയാണ് ഗുസ്തി ഫെഡറേഷന്റെ ഫണ്ട് ദുരുപയോഗം ചെയ്യാൻ കഴിയുന്നതെന്ന് സാക്ഷി മാലിക് കായിക മന്ത്രാലയത്തോട് ചോദിച്ചു. വ്യാജ സർട്ടിഫിക്കറ്റുകൾ കായിക താരങ്ങളെ കുരുക്കിലാക്കുമെന്നും അവർ സമൂഹ മാധ്യമമായ എക്സിൽ ചൂണ്ടിക്കാട്ടി.
‘ബ്രിജ് ഭൂഷന്റെ അടുപ്പക്കാരനായ സഞ്ജയ് സിങ്ങിന്റെ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ താൽക്കാലികമായി നിർത്തിച്ചിരുന്നു. എന്നിട്ടും സഞ്ജയ് സിങ് ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പ് നടത്തുകയും താരങ്ങൾക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം നടത്തുകയും ചെയ്യുന്നു, ഇത് നിയമവിരുദ്ധമാണ്. കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പ് ജയ്പൂരിൽ നടക്കാനിരിക്കെ, ഗുസ്തിയിലെ ആധിപത്യം തെളിയിക്കാൻ സഞ്ജയ് സിങ് വിവിധ ദേശീയ ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകളിൽ നിയമവിരുദ്ധമായി ഒപ്പിടുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. സംഘടനയുടെ സസ്പെൻഷനിലായ ഒരാൾക്ക് എങ്ങനെ സംഘടനയുടെ പണം ദുരുപയോഗം ചെയ്യാൻ കഴിയും?’ -സഞ്ജയ് സിങ് ഒപ്പിച്ച സർട്ടിഫിക്കറ്റുകളിലൊന്നിന്റെ ചിത്രം പങ്കുവെച്ച് സാക്ഷി ചോദിച്ചു.
നാളെ ഈ സർട്ടിഫിക്കറ്റുകളുമായി ജോലി നോക്കുമ്പോൾ കുറ്റക്കാരല്ലാഞ്ഞിട്ടും പാവം താരങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയ സാക്ഷി വിഷയത്തിൽ ഇടപെടണമെന്ന് കായിക മന്ത്രി അനുരാഗ് താക്കൂറിനോട് ആവശ്യപ്പെടുകയും ചെയ്തു. ‘വിലക്കേർപ്പെടുത്തിയിട്ടും ഇപ്പോഴും ഇത്തരം തട്ടിപ്പുകൾ നടത്തുന്ന സഞ്ജയ് സിങ്ങിനെതിരെ ഉടൻ നടപടിയെടുക്കണം. കായിക മന്ത്രി അനുരാഗ് താക്കൂർ ഈ വിഷയം പരിശോധിച്ച് കളിക്കാരുടെ ഭാവി നശിപ്പിക്കപ്പെടാതെ രക്ഷിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു’ -സാക്ഷി കുറിച്ചു.
ബ്രിജ്ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിൽ ദിവസങ്ങളോളം ജന്തർ മന്ദറിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. പുതിയ പ്രസിഡന്റായി ബ്രിജ് ഭൂഷന്റെ അനുയായി സഞ്ജയ് സിങ്ങിനെ തെരഞ്ഞെടുത്തതിന് പിന്നാലെ സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചു. പ്രധാന പുരസ്കാരങ്ങളടക്കം തിരിച്ചുനൽകിയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര കായികമന്ത്രാലയം പുതിയ ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്തിരുന്നു.