വീണക്കെതിരെ അതിവേഗം അന്വേഷണത്തിലേക്ക് കടക്കാൻ എസ്എഫ്ഐഒ; സര്‍ക്കാരിന് മേൽ കടുത്ത സമ്മര്‍ദ്ദം

news image
Feb 1, 2024, 4:01 am GMT+0000 payyolionline.in

ദില്ലി: കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണ പരിധിയിലേക്ക് എത്തുന്പോൾ വീണ വിജയനും സിഎംആര്‍എല്ലിനും കെഎസ്ഐഡിസിക്കും കുരുക്കുകളേറെയാണ്. അന്വേഷണം ഏറ്റെടുക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അതിവേഗം പരിശോധനയിലേക്കും വിളിച്ചുവരുത്തിയുളള ചോദ്യം ചെയ്യലിലേക്കും കടക്കാൻ സാധ്യതയുണ്ട്. ഗുരുതരമായ കുറ്റകൃത്യമെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം.

 

കമ്പനീസ് ആക്ട് 212 എ ആൻഡ് സി ചട്ടം ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിലവിലെ അന്വേഷണം. ഇതാണ് എസ്എഫ്ഐഒയ്ക്ക് കൈമാറിയത്. പൊതുതാപര്യാർത്ഥവും, പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം. ഷോൺ ജോർജ്ജിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ബെംഗളൂരു ആര്‍ഒസിയും എറണാകുളം ആര്‍ഒസിയും എക്സാലോജിക്ക്-സിഎംആര്‍എൽ ഇടപാടിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയിരുന്നു.

 

രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ പോലും കമ്പനികൾക്ക് സാധിച്ചില്ലെന്നാണ് വിവരം. കെഎസ്ഐഡിസി നൽകിയതും അവ്യക്തമായ മറുപടിയാണ്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഗുരുതര കുറ്റകൃത്യം കണ്ടെത്തിയതിനാൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് കേസ് അന്വേഷിക്കേണ്ടത് എന്ന് അഭിപ്രായമുയർന്നിരുന്നു. ഈ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാനായ ഷോൺ ജോർജ്ജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

 

ഹൈക്കോടതി ഈ ഉപഹർജി പരിഗണിക്കുന്നതിനിടെയാണ് കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ പ്രാഥമികമായി തന്നെ കണ്ടെത്തിയതിനാൽ സിബിഐക്കും കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരം  ഇഡിക്കും കേസ് അന്വേഷിക്കാമെന്നും ആര്‍ഒസി പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ഇതും കോർപ്പറേറ്റ് കാര്യ മന്ത്രാലയം മുന്നിൽ കണ്ടിട്ടുണ്ട്.

കമ്പനികാര്യ ഇടപാടുകളിലെ ഗുരുതര കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എസ്എഫ്ഐഒയിലേക്ക് കേസെത്തുമ്പോൾ കേസിന് കൂടുതൽ ഗൗരവം കൈവരും. ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസിലെ ആറ് ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ആദ്യഘട്ടത്തിൽ മൂന്ന് കമ്പനികളിൽ നിന്നും എസ്എഫ്ഐഒ വിവാദ ഇടപാട് സംബന്ധിച്ച വിശദാംശങ്ങൾ തേടിയേക്കാം. അല്ലെങ്കിൽ നേരിട്ട് പരിശോധന നടത്താനോ, കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്താനോ ഉള്ള സാധ്യതയുമുണ്ട്. അന്വേഷണത്തിൽ കുറ്റകൃത്യം തെളിഞ്ഞാൻ അറസ്റ്റിനും പ്രോസിക്യൂഷനും അടക്കം അധികാരമുള്ള ഏജൻസിയാണ് എസ്എഫ്ഐഒ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe