ശസ്ത്രക്രിയ കഴിഞ്ഞ് മുറിവുണങ്ങിയില്ല, പഴുപ്പ് ആന്തരികാവയങ്ങളെ ബാധിച്ചു; നിഷയുടെ മരണം ചികിത്സാപിഴവെന്ന് കുടുംബം

news image
Feb 7, 2024, 4:08 am GMT+0000 payyolionline.in

കൽപ്പറ്റ: വയനാട്ടിലെ പനമരം നീർവാരം സ്വദേശി നിഷയുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. മാനന്തവാടി സെന്റ് ജോസഫ് മിഷൻ ആശുപത്രിയിൽ വച്ച് നടത്തിയ ശസ്ത്രക്രിയയിൽ പാളിച്ചകളുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം ആശുപത്രി അധികൃതര്‍ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

 

ഫെബ്രുവരി ഒന്നിന് രാവിലെ ഏഴേ മുക്കാലിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് നിഷ മരിച്ചത്. ശസ്ത്രക്രിയയെ തുടർന്നുണ്ടായ പഴുപ്പ് ആന്തരിക അവയങ്ങളെ ബാധിച്ചു, പഴുപ്പ് രക്തത്തിൽ കലർന്നു എന്നിവയാണ് നിഷയുടെ ഡെത്ത് റിപ്പോർട്ടിലെ ഉള്ളടക്കം.  കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ മാനന്തവാടി സെന്റ് ജോസഫ് മിഷൻ ആശുപത്രിയിൽ വച്ച് നിഷയുടെ ഗർഭപാത്രം നീക്കിയിരുന്നു. പിന്നാലെ അസഹ്യമായ വേദനയും ഛർദിയുമുണ്ടായി.

ശസ്ത്രക്രിയക്ക് ശേഷം മുറിവ് ഉണങ്ങിയുയതുമില്ലെന്ന് കുടുംബം ആരോപിക്കുന്നു. ജനുവരിയിൽ നിഷ വീണ്ടും ആശുപത്രിയിൽ അഡ്‍മിറ്റായി. പരിശോധനയിൽ വയറിൽ മുഴ രൂപപ്പെട്ടെന്നും പഴുപ്പ് അടിഞ്ഞുകൂടിയെന്നും കണ്ടെത്തി. ജനവുരി 16ന് വീണ്ടും ശസ്ത്രക്രിയ നടത്തി. തുടർന്ന് ജനവുരി 28ന് ഡിസ്ചാർജ് ചെയ്തു. പിറ്റേ ദിവസം തന്നെ വീണ്ടും അവശയായി. ആശുപത്രിയിൽ എത്തിച്ചപ്പോൾ കാരണം പോലും വ്യക്തമാക്കാതെ മൂന്നാമതും ശസ്ത്രക്രിയ നടത്തിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ആരോപണത്തിൽ ആശുപത്രിയുടെ വിശദീകരണം തേടിയെങ്കിലും പ്രതികരിക്കാൻ മാനന്തവാടി സെന്റ് ജോസഫ് ആശുപത്രി അധികൃതർ തയ്യാറായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe