കൊച്ചി: പ്രിന്‍റിങ്ങിനും പോസ്റ്റൽ വഴി അയക്കാനുമുള്ള ചെലവ് ഫീസായി അടച്ചിട്ടും പുതുക്കിയ ലൈസൻസ് അച്ചടിച്ചു നൽകുന്നില്ലെന്ന പരാതിയുമായി ഹൈകോടതിയിൽ ഹരജി. കൊച്ചി സ്വദേശിയായ എൻ. പ്രകാശൻ എന്നയാളാണ് ഹരജിക്കാരൻ. ഹരജിയിൽ ഹൈകോടതി സർക്കാരിന്‍റെ വിശദീകരണം തേടി.
വരുന്ന മാർച്ചിൽ അവസാനിക്കുന്നതാണ് ഹരജിക്കാരന്‍റെ ലൈസൻസിന്‍റെ കാലാവധി. ഇത് പുതുക്കാൻ അപേക്ഷിക്കുകയും ആവശ്യമായ ഫീസ് അടക്കുകയും ചെയ്തിരുന്നു. എന്നാൽ, ലൈസൻസ് ഓൺലൈനിൽ ഡിജിലോക്കർ വഴിയോ പരിവാഹൻ ആപ്പ് വഴിയോ ഡൗൺലോഡ് ചെയ്തെടുക്കണമെന്ന അറിയിപ്പാണ് പ്രകാശന് ലഭിച്ചത്. തുടർന്നാണ് ഹൈകോടതിയിൽ ഹരരജി നൽകിയത്.
ലൈസൻസ് അച്ചടിക്കാനും അയക്കാനുമുള്ള തുക ഫീസായി വാങ്ങിയിട്ടും അച്ചടിച്ച ലൈസൻസ് നൽകാതെ ഡിജിറ്റൽ രൂപത്തിൽ നൽകി ഡൗൺലോഡ് ചെയ്യാൻ പറയുകയാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. നിർദേശപ്രകാരം ലൈസൻസ് ഡൗൺലോഡ് ചെയ്തെങ്കിലും വാഹനവുമായി പുറത്തുപോകുമ്പോഴെല്ലാം ഫോൺ കൊണ്ടുപോകുന്ന ശീലമില്ല. ലൈസൻസ് കാണിക്കാൻ ആവശ്യപ്പെടുമ്പോൾ ഫോണിൽ ചാർജും റേഞ്ചും ഉണ്ടെന്ന് ഉറപ്പാക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു. ഹരജി പരിഗണിച്ച ജസ്റ്റിസ് എൻ. നഗരേഷാണ് സർക്കാരിന്‍റെ വിശദീകരണം തേടിയത്.
തപാൽ വകുപ്പിനുള്ള കുടിശ്ശികയുടെ പേരിൽ സംസ്ഥാനത്ത് ആർ.സി- ഡ്രൈവിങ് ലൈസൻസുകളുടെ വിതരണം അവതാളത്തിലാണ്. പ്രതിദിനം 10,000-15,000 ആർ.സി-ഡ്രൈവിങ് ലൈസൻസ് കാർഡുകളാണ് തപാൽവകുപ്പ് വഴി അയച്ചിരുന്നത്. എന്നാൽ, ഇതിനുള്ള തുക കുടിശ്ശികയായതിനെ തുടർന്ന് വിതരണം പലപ്പോഴായി മുടങ്ങുന്ന അവസ്ഥയാണ്.