ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ബദൽ നിർദേശവുമായി ഹമാസ്. ഖത്തർ പ്രധാനമന്ത്രി മൊഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നു ഘട്ടമായി, 135 ദിവസം നീളുന്ന വെടിനിർത്തലാണ് നിർദേശിച്ചത്. അക്കാലയളവിൽ ബന്ദികളെയെല്ലാം മോചിപ്പിക്കും. ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പൂർണമായും പിൻവലിക്കണം. യുദ്ധം അവസാനിപ്പിക്കാൻ ധാരണയിലെത്തണം – തുടങ്ങിയ നിർദേശങ്ങളാണുള്ളത്. നിർദേശം പഠിച്ചുവരികയാണെന്ന് ഇസ്രയേൽ സർക്കാർ അറിയിച്ചു.
ഖത്തർ, ഈജിപ്ത് സന്ദർശനത്തിനുശേഷം ഇസ്രയേലിലെത്തിയ അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിഷയം പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച ചെയ്തു. പുതിയ സമാധാന ചർച്ചകൾ ഈജിപ്തില്‍ വ്യാഴാഴ്ച ആരംഭിക്കുമെന്നും റിപ്പോർട്ട്. ഗാസയിൽനിന്ന് പിന്മാറാതെ ഇസ്രയേലുമായി ബന്ധം പുനഃസ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ഭക്ഷണവും മരുന്നും ഉൾപ്പെടെ ഗാസയിലേക്ക് കൊണ്ടുപോയ അവശ്യസാധനങ്ങങ്ങളുടെ 56 ശതമാനവും ഇസ്രയേൽ തടഞ്ഞതായി യുഎൻ അറിയിച്ചു. ഒക്ടോബർ ഏഴുമുതൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 27,708 പേർ കൊല്ലപ്പെട്ടു.