രണ്ട് ദിവസം ബാറും ബിവറേജസും തുറക്കില്ല, മദ്യ നിരോധനം; ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഉത്തരവിറക്കി കളക്ടർ

news image
Feb 8, 2024, 11:13 am GMT+0000 payyolionline.in

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം കണക്കിലെടുത്ത് മദ്യ വില്പനശാലകളുടെ പ്രവർത്തനം നിരോധിച്ച്  ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 24 വൈകുന്നേരം 6 മണി മുതൽ പൊങ്കാല ദിവസമായ ഫെബ്രുവരി 25 വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും ഉള്ള എല്ലാ മദ്യ വില്പനശാലകൾക്കും നിരോധനം ബാധകമാണ്.

 

ഫെബ്രുവരി 25ന് ആണ് ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല. ഫെബ്രുവരി 17 മുതല്‍ 26 വരെ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിവധ പരിപാടികൾ നടക്കും.പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പും കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർഥാടകർക്കും പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു.

 

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മുഴുവൻ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസിന്റെ/രജിസ്ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനായി പ്രത്യേക നിർദ്ദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതള പാനീയം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ മുൻകൂറായി എടുക്കണം. അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സംവിധാനം ലഭ്യമാണ്. ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe