ന്യൂഡൽഹി: എൻ.ഡി.എ സർക്കാർ മൂന്നാമൂഴം ലക്ഷ്യമിട്ടിറങ്ങുന്ന ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പായി സി.എ.എ(പൗരത്വ ഭേദഗതി നിയമം) നടപ്പാക്കുമെന്നും എന്നാൽ ആരുടെയും പൗരത്വം തട്ടിപ്പറിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സസ്പെൻസും സംഭവിക്കില്ലെന്നും വീണ്ടും പ്രതിപക്ഷ സ്ഥാനത്ത് തന്നെയാണ് തങ്ങളുടെ സ്ഥാനമെന്ന് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
”ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം അനുഛേദം ഞങ്ങൾ മരവിപ്പിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ ജനം 370 സീറ്റ് നൽകി ബി.ജെ.പിയെയും 400ലേറെ സീറ്റുകൾ നൽകി എൻ.ഡി.എയും അനുഗ്രഹിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്.”-ഇ.ടി നൗ ഗ്ലോബൽബിസിനസ് സമ്മിറ്റിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു. രാഷ്ട്രീയ ലോക് ദൾ, ശിരോമണി അകാലി ദൾ എന്നിവക്കു പിന്നാലെ കൂടുതൽ പ്രദേശിക പാർട്ടികൾ എൻ.ഡി.എയിൽ എത്തുമെന്ന സൂചനയും അമിത് ഷാ നൽകി. ഇതെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും അമിത് ഷാ സൂചിപ്പിച്ചു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് എൻ.ഡി.എയും ഇൻഡ്യ സഖ്യവും തമ്മിലുള്ള പോരാട്ടമല്ലെന്നും മറിച്ച് വികസനവും പാഴായ വാഗ്ദാനങ്ങളും തമ്മിലുള്ള മത്സരമായിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഇന്ത്യയെ വിഭജിച്ച കോൺഗ്രസിന് ഭാരത് ജോഡോ യാത്ര നടത്താൻ അർഹതയില്ലെന്നും അമിത് ഷാ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ സി.എ.എയും അയോധ്യ ക്ഷേത്രനിർമാണവും പ്രചാരണായുധമാക്കാനാണ് ബി.ജെ.പിയുടെ ലക്ഷ്യം.