പഞ്ചാബിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കേ‌ജ്‌രിവാളിന്റെ പ്രഖ്യാപനം; ‘ഇന്ത്യ’യിൽ വീണ്ടും പ്രതിസന്ധി

news image
Feb 10, 2024, 11:42 am GMT+0000 payyolionline.in

അമൃത്‌സർ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചണ്ഡിഗഡിൽ ഉൾപ്പെടെ പഞ്ചാബിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. പഞ്ചാബിൽ 13 ലോക്സഭാ മണ്ഡലങ്ങളും സംസ്ഥാനത്തിന്റെ തലസ്ഥാനവും കേന്ദ്രഭരണ പ്രദേശവുമായ ചണ്ഡിഗഡിൽ ഒരു മണ്ഡലവുമാണ് ഉള്ളത്. പഞ്ചാബ് സർക്കാരിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ള റേഷൻ വാതിൽപ്പടി വിതരണത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് കേജ്‌രിവാൾ പ്രഖ്യാപനം നടത്തിയത്.

‘‘രണ്ടു വർഷം മുൻപ് നിങ്ങൾ അനുഗ്രിച്ചു. 117 സീറ്റുകളിൽ 92 സീറ്റുകളും നിങ്ങൾ ഞങ്ങൾക്ക് നൽകി. പഞ്ചാബിൽ നിങ്ങൾ ചരിത്രം സൃഷ്ടിച്ചു. ഇന്നു ഞാൻ വീണ്ടും കൂപ്പുകൈകളോടെ നിങ്ങളുടെ അനുഗ്രഹം തേടുന്നു. രണ്ടു മാസത്തിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് വരും. പഞ്ചാബിൽ 13 സീറ്റുകളുണ്ട്. ഒരെണ്ണം ചണ്ഡിഗഡിലും ഉൾപ്പെടെ 14 സീറ്റുകൾ. 10–15 ദിവസത്തിനുള്ളിൽ, ഈ 14 സീറ്റുകളിലും എഎപി സ്ഥാനാർഥികളെ പ്രഖ്യാപിക്കും. രണ്ടു വർഷം മുൻപു നിങ്ങൾ ഞങ്ങളെ അനുഗ്രഹിച്ച രീതിയിൽ ഈ 14 സീറ്റുകളിലും പാർട്ടിയെ വിജയിപ്പിക്കാൻ നിങ്ങളോട് അഭ്യർഥിക്കുന്നു.’’– കേജ്‌രിവാൾ പറഞ്ഞു.

കോൺഗ്രസിനെ കടന്നാക്രമിക്കാനും കേജ്‌രിവാൾ മടിച്ചില്ല. ‘‘75 വർഷത്തിനിടെ കോൺഗ്രസാണ് ഒരുപാട് കാലം ഭരിച്ചത്. കോൺഗ്രസ് ചെയ്ത ഒരു നല്ല പ്രവൃത്തി പറയൂ, നിങ്ങൾ ഓർക്കില്ല. ഒരുപാട് വർഷം അകാലിദൾ ഭരിച്ചു, അകാലിദൾ ചെയ്ത ഒരു നല്ല പ്രവൃത്തി നിങ്ങൾ ഓർക്കില്ല.’’– കേജ്‌രിവാൾ‌ പറഞ്ഞു.

പഞ്ചാബിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന കേജ്‌രിവാളിന്റെ പ്രഖ്യാപനം പ്രതിപക്ഷ ഇന്ത്യ മുന്നണിയിൽ വീണ്ടും പ്രതിസന്ധി സൃഷ്ടിക്കും. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ 13 സീറ്റുകളിൽ എട്ടും കോൺഗ്രസ് വിജയിച്ചിരുന്നു. അകാലിദൾ, ബിജെപി രണ്ടു വീതവും എഎപി ഒരു സീറ്റിലും വിജയിച്ചു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് എഎപി സ്വന്തമാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe