പതഞ്ജലി ടൂത്ത് പേസ്റ്റിൽ നോൺ വെജ് ചേരുവകൾ ഉണ്ടെന്ന് ആരോപണം; ഹർജി തീർപ്പാക്കി ഹൈക്കോടതി

news image
Feb 12, 2024, 1:53 pm GMT+0000 payyolionline.in

ദില്ലി: പതഞ്ജലി ടൂത്ത് പേസ്റ്റിൽ നോൺ-വെജ് ചേരുവകൾ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണവുമായി അഭിഭാഷകൻ.  യോഗാ ഗുരു ബാബാ രാംദേവിൻ്റെ നിയന്ത്രണത്തിലുള്ള എഫ്എംസിജി ബ്രാൻഡായ പതഞ്ജലിയുടെ “ദിവ്യ മഞ്ജൻ” എന്ന ഉൽപ്പന്നത്തിൽ വെജിറ്റേറിയൻ എന്ന് ലേബൽ ചെയ്തിട്ടും നോൺ വെജിറ്റേറിയൻ ചേരുവകൾ അടങ്ങിയിട്ടുണ്ടെന്ന്  ആരോപിച്ച് അഭിഭാഷകനായ യതിൻ ശർമ്മ ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകി.

പതഞ്ജലി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മതവികാരം വ്രണപ്പെടുത്തുകയും ഉപഭോക്താക്കളെ കബളിപ്പിക്കുകയും ചെയ്യുന്നതിന് കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് യതിൻ ശർമ്മ ആവശ്യപ്പെടുന്നു. അതേസമയം. പതഞ്ജലി പറയുന്നതനുസരിച്ച്, പച്ചമരുന്നുകൾ, വേപ്പ്, മഞ്ഞൾ, ഗ്രാമ്പൂ തുടങ്ങിയ ആയുർവേദ ചേരുവകൾ, എണ്ണ എന്നിവ അടങ്ങിയ പ്രകൃതിദത്ത ടൂത്ത് പേസ്റ്റാണ് ദന്ത കാന്തി.

2023 ജൂലൈയിൽ, യതിൻ ശർമ്മ ആയുഷ് മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു, എന്നാൽ, ലേബലിംഗ് നിയമങ്ങൾക്ക് കീഴിൽ ഉൽപ്പന്നങ്ങളിൽ നോൺ-വെജിറ്റേറിയൻ ചേരുവകൾ സൂചിപ്പിക്കാൻ വ്യവസ്ഥകളില്ലെന്നാണ് മറുപടി ലഭിച്ചത്.  ആയുർവേദം, സിദ്ധ, യുനാനി ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡ് മരുന്നുകളിൽ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളെ തരംതിരിക്കാനുള്ള മാനദണ്ഡം നിർണ്ണയിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ ശുപാർശ ചെയ്തതായി മന്ത്രാലയം അറിയിച്ചു.

അതേസമയം. കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ആയുഷ് മന്ത്രാലയത്തിൻ്റെ  നടപടി ചൂണ്ടികാട്ടികൊണ്ട് ദില്ലി  ഹൈക്കോടതി ബെഞ്ച് യതിൻ ശർമയുടെ ഹർജി തീർപ്പാക്കി. ഔഷധ ഉൽപ്പാദനത്തിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളെ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ, അല്ലെങ്കിൽ മറ്റ് വിഭാഗങ്ങളായി തരംതിരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിനുള്ള ശുപാർശകൾ നൽകാനും 10 ആഴ്ചയ്ക്കുള്ളിൽ ശുപാർശകൾ സമർപ്പിക്കാനും കേന്ദ്ര ആയുഷ് മന്ത്രാലയം രൂപീകരിച്ച സമിതിയോട് ഹൈക്കോടതി നിർദ്ദേശിച്ചു.

പതഞ്ജലിയുടെ നെയ്യ് ഉൾപ്പെടെയുള്ള ജനപ്രിയ ഉൽപ്പന്നങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉണ്ടാകുന്നത് ഇതാദ്യമല്ല. 2022-ൽ ഉത്തരാഖണ്ഡ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പതഞ്ജലിയുടെ ‘ശുദ്ധമായ പശു നെയ്യ്’ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും മായം കലർന്നതും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് കണ്ടെത്തിയിരുന്നു.പതഞ്ജലി വിൽക്കുന്ന കടുകെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് 2021ൽ രാജസ്ഥാൻ കണ്ടെത്തിയിരുന്നു. 2020 ലെ ഒരു പഠനം അനുസരിച്ച്, പഞ്ചസാര സിറപ്പിൽ മായം ചേർത്ത തേൻ വിൽക്കുന്ന 13 ബ്രാൻഡുകളിൽ പതഞ്ജലിയും ഉൾപ്പെടുന്നുവെന്ന് കണ്ടെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe