വീട്ടിലിരുന്നു പെൻസിൽ കമ്പനികളിൽ പാക്കിംഗ് ജോലി; പരസ്യം തട്ടിപ്പ്, മുന്നറിയിപ്പുമായി കേരളാ പൊലീസ്

news image
Feb 14, 2024, 5:04 pm GMT+0000 payyolionline.in

തിരുവനന്തപുരം: പ്രമുഖ പെൻസിൽ കമ്പനികളിൽ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനവുമായി സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന പരസ്യം തട്ടിപ്പാണെന്ന് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിൽ വിളിക്കേണ്ട മൊബൈല്‍ നമ്പര്‍ വരെ നല്‍കിയാണ് തട്ടിപ്പ്. പല പോസ്റ്റുകളിലും പല നമ്പറുകൾ ആണ് കോൺടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്.

ഉയര്‍ന്ന ശമ്പളം പ്രതീക്ഷിച്ച് ജോലിക്ക് വേണ്ടി വാട്സാപ് നമ്പറില്‍ ബന്ധപ്പെടുന്നവരോട് ഗൂഗിള്‍ പേ വഴിയോ ഫോണ്‍പേ വഴിയോ രജിസ്ട്രേഷന്‍ ഫീസ് ആവശ്യപ്പെടും. അടുത്ത പടി ഫോട്ടോ വാങ്ങി കമ്പനിയുടെതെന്ന രീതിയിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അയച്ചുകൊടുക്കും. മേല്‍വിലാസം വെരിഫൈ ചെയ്യാനും കൊറിയർ ചാര്‍ജ്ജായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. നടരാജ് പെൻസിലിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ തട്ടിപ്പാണ് എന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. സോഷ്യല്‍മീഡിയകളിലൂടെ നടക്കുന്ന തട്ടിപ്പുസംഘങ്ങളെ കുറിച്ച് വീണ്ടും മുന്നറിയിപ്പുമായി കേരളാ പൊലീസ് രംഗത്ത് വന്നിരുന്നു.

നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണെന്നും എന്നാല്‍ ആ ഗ്രൂപ്പില്‍ നിങ്ങള്‍ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആള്‍ക്കാരാണെന്ന വിവരം അറിയുന്നത് അവസാന ഘട്ടത്തിലായിരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരുമണിക്കൂറിനകം വിവരം 1930 എന്ന നമ്പറില്‍ അറിയിക്കണം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe