രണ്ടും കൽപ്പിച്ച് റോഡ് സുരക്ഷാ അതോറിറ്റി, തീരുമാനം കളക്ടർ വിളിച്ച യോഗത്തിൽ,’ഇത്തരം ചരക്കുലോറികൾക്കെതിരെ നടപടി’

news image
Feb 15, 2024, 10:49 am GMT+0000 payyolionline.in

കോഴിക്കോട്: അമിത ഭാരം കയറ്റി വരുന്ന ചരക്ക് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കോഴിക്കോട് ജില്ലാ റോഡ് സുരക്ഷ അതോറിറ്റി കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

 

ജില്ലയിലെ ക്വാറി, ക്രഷര്‍ യൂണിറ്റുകളില്‍ നിന്നും ചരക്ക് കയറ്റുന്ന ലോറികളും ഇരുമ്പ്, സിമന്റ്, മാര്‍ബിള്‍ തുടങ്ങിയ ചരക്കുകള്‍ കയറ്റുന്ന ലോറികളും അനുവദിച്ചതില്‍ കൂടുതല്‍ ഭാരം കയറ്റി വരുന്ന സംഭവം നിത്യമാണെന്ന് ജില്ലാ റോഡ് സുരക്ഷാ സെക്രട്ടറി അറിയിച്ചു. ഓരോ മാസവും അമിതഭാരം കയറ്റിയ നിരവധി ചരക്ക് വാഹനങ്ങള്‍ നിയമലംഘനം നടത്തിയതിന് പിടികൂടിയതായും നിയമലംഘനം നടത്തിയ ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ റദ്ദാക്കിയതായും അദ്ദേഹം പറഞ്ഞു. ചുരത്തില്‍ ഉള്‍പ്പടെ അമിതഭാരം കയറ്റിയ ലോറികള്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാല്‍ പരിശോധന കര്‍ശനമാക്കണമെന്നും ലോറികളിലെ അനുവദിച്ചതില്‍ കൂടുതല്‍ ഭാരം കയറ്റുന്നത് സംബന്ധിച്ച് വേ ബ്രിഡ്ജ് ഉള്‍പ്പടെ സ്ഥാപിച്ച് ഭാരപരിശോധന നടത്തുവാന്‍, ജിയോളജി, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

 

റോഡ് അപകടങ്ങള്‍ തടയുന്നതിനും അപകട മരണങ്ങള്‍ കുറയ്ക്കുന്നതിനുമായി ജില്ലാ തല ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനും യോഗം തീരുമാനിച്ചു. മറ്റ് പ്രധാന തീരുമാനങ്ങള്‍: തിരക്കുള്ള സിറ്റി പരിസരങ്ങളിലെ റോഡുകളില്‍ പൊതുജനങ്ങള്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ റോഡ് മുറിച്ച് കടക്കുന്നതിനായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. പാവങ്ങാട് വെങ്ങാലി റോഡ്, രാമനാട്ടുക്കര മേല്‍പ്പാലം ജംഗ്ഷന്‍, ചേലിയ ടൗണ്‍, അഗസ്ത്യമുഴി- കുന്ദമംഗലം റോഡ്, മുത്തമ്പലം തുടങ്ങിയ റോഡുകള്‍ക്ക് സമീപങ്ങളിലുള്ള കാല്‍നട പാതയിലും റോഡുകള്‍ക്ക് സമീപത്തുമായി സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറുകള്‍, വൈദ്യുത തൂണുകള്‍ തുടങ്ങിയ മാറ്റി സ്ഥാപിക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദ്ദേശം നല്‍കി. ഫറോക്കിനും രാമനാട്ടുക്കര റോഡ്, പൂക്കാട് തേരായി കടവ്, മുത്തുബസാര്‍, മയ്യന്നൂര്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മാറ്റുന്നതിനും ശിഖിരങ്ങള്‍ മുറിക്കേണ്ടവ മുറിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുറ്റ്യാടി ടൗണ്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ക്കായി ബൈപ്പാസ് സാധ്യതകള്‍ ഉള്‍പ്പടെ പരിശോധിക്കണമെന്ന് യോഗം നിര്‍ദ്ദേശം നല്‍കി. മുക്കം അഗസ്്്ത്യമൂഴി റൗണ്ട് എബൗട്ടിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ക്കായി പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. നീലേശ്വരം എച്ച്എസ്എസ് സ്‌കൂളിന് സമീപത്തെ റോഡില്‍ റോഡ് സുരക്ഷാ ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ പഠിക്കാന്‍ എന്‍ഫോഴ്സ്മെന്റിനെ ചുമതലപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe