ട്യൂമർ ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട ആലപ്പുഴ സ്വദേശി ജിദ്ദയിൽ സഹായം തേടുന്നു

news image
Feb 15, 2024, 11:12 am GMT+0000 payyolionline.in

ജിദ്ദ: പ്രവാസത്തിനിടെ കാഴ്ച്ച നഷ്ടപ്പെട്ട ആലപ്പുഴ സ്വദേശി ഉദാരമതികളുടെ സഹായം തേടുന്നു. ആലപ്പുഴ പുന്നപ്ര സ്വദേശി നജീം ഹബീബ് (45) ആണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.  2009ലാണ് നജീം പ്രവാസ ജീവിതം ആരംഭിക്കുന്നത്. 15 വർഷത്തെ പ്രവാസത്തിൽ ഭൂരിഭാഗവും ചെലവിട്ടത് ദമ്മാമിലായിരുന്നു. ഡ്രൈവറായും ഇലക്ട്രീഷ്യനായും ജോലി ചെയ്ത് വരികയായിരുന്നു. രണ്ട് മാസം മുമ്പാണ് ജിദ്ദയിലെത്തിയത്. ജനുവരി 15ന് അബോധാവസ്ഥയിൽ റെഡ് ക്രസന്റ് ഇദ്ദേഹത്തെ മഹ്ജർ ജദ്ആനി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. താമസരേഖയുടെ (ഇഖാമ) കാലാവധി കഴിഞ്ഞിട്ട് അഞ്ചു വർഷമായി. ആരോഗ്യ ഇൻഷുറൻസ് നിലവിലില്ലാത്തതിനാൽ തുടക്കത്തിൽ കാര്യമായ ചികിത്സയൊന്നും ലഭിച്ചിരുന്നില്ല. ആശുപത്രിയിലെ മലയാളി നഴ്സുമാർ അറിയിച്ചത് പ്രകാരം ജിദ്ദ കേരള പൗരാവലിയും ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) പ്രവർത്തകരും ഇടപ്പെട്ട് അടിയന്തര ചികിത്സ ലഭ്യമാക്കി. തുടർന്ന് നജീമിനെ വിദഗ്ധ ചികിത്സക്കായി ഹസ്സൻ ഗസാവി ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയിൽ തലക്കുള്ളിൽ ട്യൂമർ വളരുന്നതായി കണ്ടെത്തി. ഇതു കാരണമാണ് കാഴ്ച്ച നഷ്ടമായത്. ഇനിയും ആവശ്യമായ ചികിത്സ നൽകി ട്യൂമർ നീക്കം ചെയ്യുന്നത് വൈകിയാൽ മറ്റു പല അവയവങ്ങളുടെയും ശേഷി നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കോവിഡ് കാലത്ത് വൻ സാമ്പത്തിക ബാധ്യത വന്നതിനാലും വാഹനവുമായും മറ്റും ബന്ധപ്പെട്ട് ചില കേസുകൾ നിലനിലനിൽക്കുന്നതിനാലും സാമ്പത്തികമായി ഇദ്ദേഹം തകർന്ന നിലയിലാണ്.

നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും യാത്രാ ചെലവുകളുമടക്കം ഭീമമായ തുകയാണ് നജീം ഹബീബിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിവരുന്നത്. നാട്ടിൽ കടലിനോട് ചേർന്ന കൊച്ചു വീട്ടിൽ കുടുംബം നിത്യവൃത്തിക്ക് വകയില്ലാതെ കഴിയുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം സഹപ്രവർത്തകർ ഇദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നു. നജീമിനെ നാട്ടിലെത്തിച്ചാൽ പുന്നപ്ര ഷൈഖുൽ ഇസ്‍ലാം മസ്ജിദ് കമ്മിറ്റി ചികിത്സയിൽ സഹകരിക്കാമെന്ന് ഏറ്റിട്ടുണ്ട്. നാട്ടിൽ നിന്നും ജനപ്രതിനിധികൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലേക്ക് ഇദ്ദേഹത്തിന്റെ വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ജിദ്ദയിലുള്ള സാമൂഹിക പ്രവർത്തകരും കോൺസുലേറ്റ് അധികൃതരുമായി ചർച്ച നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ജിദ്ദ കേരള പൗരാവലിയും ‘സവ’യും ചേർന്ന് ജിദ്ദയിലെ വിവിധ സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി ഇദ്ദേഹത്തെ സഹായിക്കാനായി കോർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ദമ്മാമിൽ സിറാജ് പുറക്കാട്, റഫീഖ് കൂട്ടിലങ്ങാടി എന്നിവർ നിയമ വിഷയങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. ജിദ്ദയിൽ കൂടുതൽ വിവരങ്ങൾക്ക് അലി തേക്കുതോട് (0555056835), നൗഷാദ് പാനൂർ (0553425991) ഹിഫ്സുറഹ്മാൻ (0501920450) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe