ബംഗളൂരു: മാസപ്പടി വിവാദത്തിൽ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒക്ക് അന്വേഷണം തുടരാമെന്ന് കർണാടക ഹൈകോടതി. എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു എക്സാലോജിക് കർണാടക ഹൈകോടതിയെ സമീപിച്ചത്. കേന്ദ്രസർക്കാരിനെയും എസ്.എഫ്.ഐ.ഒ ഡയറക്ടറെയും എതിർകക്ഷികളാക്കിയാണ് ഹരജി. കമ്പനിയുടെ ആസ്ഥാനം ബംഗളൂരു ആയതിനാലാണ് കർണാടകയിൽ ഹരജി നൽകിയത്.
ആരോപണമുയർന്നതിനു ശേഷം ആദ്യമായാണ് എക്സാലോജിക് നിയമവഴിയിലേക്ക് നീങ്ങിയത്. ആരോപണവുമായി ബന്ധപ്പെട്ട് ഉടൻ നോട്ടീസ് നൽകി വീണ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കം എസ്.എഫ്.ഐ.ഒ തുടങ്ങിയിരുന്നു. നേരിട്ട് ഹാജരാകാനോ, രേഖകൾ സമർപ്പിക്കാനോ നിർദ്ദേശിച്ച് വീണയ്ക്ക് ഉടൻ നോട്ടീസ് നൽകിയേക്കും. ഇതുമുന്നിൽ കണ്ടാണ് അന്വേഷണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് ഹരജി നൽകിയത്.
എക്സാലോജിക്, സി.എം.ആർ.എല്ലിൽ ഓഹരി പങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സി, സി.എം.ആർ.എൽ എന്നിവക്കെതിരെയാണ് അന്വേഷണം. വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ കൈമാറിയത് ഐ.ടി, മാനേജ്മെന്റ് സേവനങ്ങളുടെ പ്രതിഫലമായാണെന്നാണ് സി.എം.ആർ.എൽ രജിസ്ട്രാർ ഓഫ് കമ്പനീസിൽ അറിയിച്ചിരുന്നത്. എന്നാൽ, ഒരു സേവനവും ലഭ്യമാകാതെതന്നെ എക്സാലോജിക്കിന് സി.എം.ആർ.എൽ തുക കൈമാറി എന്നായിരുന്നു ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ.