അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റിനെ കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളും പാർട്ടി രാജ്യസഭാംഗം സഞ്ജയ് സിങ്ങും സമർപ്പിച്ച ഹരജി ഗുജറാത്ത് ഹൈകോടതി തള്ളി. കേസിൽ ഹാജരാകണമെന്ന് നിർദേശിച്ച് മജിസ്ട്രേറ്റ് കോടതി അയച്ച സമൻസിനെതിരെയാണ് ഇരുവരും ഹൈകോടതിയെ സമീപിച്ചത്. നേരത്തെ ഹരജി സെഷൻസ് കോടതി തള്ളിയിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ കെജ്രിവാൾ വാർത്താസമ്മേളനത്തിൽ മോദിയുടെ ബിരുദ സർട്ടിഫിക്കറ്റിനെ കുറിച്ച് നടത്തിയ പരാമർശം അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് സർവകലാശാലയാണ് പരാതി നൽകിയത്. സഞ്ജയ് സിങ്ങും സമാനമായ പരാമർശനം നടത്തിയിരുന്നു.
നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനങ്ങളിലും സമൂഹമാധ്യമങ്ങളിലും നടത്തിയ കമന്റുകൾ സർവകലാശാലയുടെ സൽപ്പേര് കളങ്കപ്പെടുത്തിയെന്ന് കാട്ടിയാണ് ഗുജറാത്ത് സർവകലാശാല കെജ്രിവാളിനെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്തത്.
അപകീർത്തിക്കേസിൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ സമർപ്പിച്ച ഹരജി കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് കോടതി തള്ളിയിരുന്നു. സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാതെ തന്നെ വിചാരണചെയ്യാൻ പാടില്ലെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചിരുന്നില്ല.
നേരത്തെ, മോദിയുടെ ബിരുദ സർട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ കെജ്രിവാളിന് കൈമാറണമെന്നുള്ള വിവരാവകാശ കമീഷന്റെ ഉത്തരവിനെതിരെ ഗുജറാത്ത് സർവകലാശാല ഹൈകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.
2016ല്‍ മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന ഡോ. ശ്രീധര്‍ ആചാര്യലുവാണ് കെജ്രിവാളിന്റെ അപേക്ഷയിൽ മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ ഗുജറാത്ത്, ഡല്‍ഹി സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനെതിരെ ഗുജറാത്ത് സര്‍വകലാശാല ഹൈകോടതിയെ സമീപിച്ചു. 1978ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് 1983ല്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി എന്നാണ് മോദി വ്യക്തമാക്കിയിരുന്നത്. ഇക്കാര്യത്തില്‍ മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നും ബിരുദ വിവരങ്ങള്‍ കൈമാറണമെന്ന് നിര്‍ബന്ധിക്കാന്‍ വിവരാവകാശ കമ്മീഷന് സാധിക്കില്ലെന്നുമാണ് സര്‍വകലാശാല കോടതിയില്‍ വാദിച്ചത്. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍ കൈമാറുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഗുജറാത്ത് സര്‍വകലാശാല വാദിച്ചിരുന്നു.
ഈ വാദം അംഗീകരിച്ച കോടതി, വിവരാവകാശ കമീഷന്റെ ഉത്തരവ് റദ്ദാക്കുകയും ആവശ്യമില്ലാത്ത വിവരമാണ് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെടുന്നത് എന്ന് ചൂണ്ടിക്കാട്ടി 25,000 രൂപ പിഴയിടുകയും ചെയ്തിരുന്നു.